കോഴിക്കോട്: 'ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല' നയം വ്യക്തമാക്കി വീണ്ടും സിപിഎം. പിണറായി 'വിജയ'ത്തിൻ്റെ ക്രെഡിറ്റ് പിണറായിക്ക് തന്നെ മതിയെന്ന് പാർട്ടി 'തീരുമാനിച്ചിരിക്കുന്നു'. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ നിയമസഭയിലേക്ക് എത്തിയ കെ.കെ ശൈലജയെ മന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ സിപിഎം ഉയർത്തി കാണിക്കുന്നത് പുതിയ ടീമിനെ. ആരോഗ്യ മന്ത്രി എന്ന നിലയിൽ ലോക പ്രശസ്തയായ ശൈലജയെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താൻ ഇനി ഒരു മാർഗ്ഗവും തെളിയില്ല. അതിനായി ഇടപെടേണ്ട കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ അത്തരമൊരു അജണ്ടയാണ് കേരള പാർട്ടിയും ഉയർത്തി കാണിച്ചത്. തുടർച്ചയും പുതുമയും എന്ന ആശയം. എന്നാൽ ഈ ആശയത്തെ തിരുത്തി ശൈലജയെ ഉൾക്കൊള്ളിക്കാൻ കെൽപ്പുള്ള കേന്ദ്ര നേതൃത്വവും നിലവിലില്ല എന്നത് യാഥാർത്ഥ്യവും. നേരത്തെ മത്സര രംഗത്ത് നിന്ന് വിഎസ് അച്യുതാനന്ദനെ കേരള ഘടകം മാറ്റി നിർത്തിയപ്പോൾ കേന്ദ്ര കമ്മിറ്റി പ്രത്യേക യോഗം ചേർന്ന് തീരുമാനം തിരുത്തിച്ചത് പോലെ ഒരു സംഭവവും ഇതിൽ നടക്കില്ലെന്ന് സാരം.
ALSO READ: സിപിഐ മന്ത്രിമാരെ നിശ്ചയിച്ചു: നാല് പേരും പുതുമുഖങ്ങള്‍
എന്താണ് കെകെ ശൈലജയുടെ കാര്യത്തിൽ സംഭവിച്ചത്? മന്ത്രി പദത്തിൽ മിന്നിത്തിളങ്ങിയപ്പോഴും ശൈലജയ്ക്ക് പാർട്ടി പല തവണയും കടിഞ്ഞാണിട്ടിരുന്നു. അത് തനിയ്ക്ക് മേലെ തൻ്റെ ടീമിലെ ഒരാൾ ഉയർന്ന് പോകുന്നതിലെ പിണറായി വിജയൻ്റെ അസ്വസ്തതയായി ചിലർ വ്യഖ്യാനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ 'വിജയേട്ടാ' എന്ന് അഭിസംബോധന ചെയ്തപ്പോൾ അതിനെ പിണറായി പരസ്യമായി തിരുത്തിയതും ഒരു വേള കേരളം കണ്ടതാണ്. തൻ്റെ പ്രവർത്തന മികവ് കൊണ്ട് ശൈലജ കൂടുതൽ അംഗീകരിക്കപ്പെടുമ്പോഴും പാർട്ടി അതിൻ്റെ തനത് ശൈലിയിൽ തന്നെ മുന്നോട്ട് പോയി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് അത് വലിയ ചർച്ചയുമായി.
ALSO READ: സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കി അഭിഭാഷകര്‍
സിറ്റിങ് സീറ്റായ കൂത്തുപറമ്പിൽ നിന്ന് മാറ്റി പേരാവൂർ പിടിക്കാൻ അവരെ നിയോഗിക്കാനും പാർട്ടി ശ്രമിച്ചു. എന്നാൽ വലിയ എതിർപ്പ് പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നതോടെയാണ് മട്ടന്നൂർ കൊടുത്തത്. അവിടെ 60,963 വോട്ടിൻ്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ ശൈലജ ജയിച്ച് കയറുകയും ചെയ്തു. എന്നാൽ പബ്ലിസിറ്റിയല്ല പാർട്ടി നയമെന്ന് ഒരിക്കൽ കൂടി സിപിഎം തെളിയിച്ചിരിക്കുന്നു.
കെആർ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരാതിരിക്കാൻ പാർട്ടി തീരുമാനിച്ച പോലെ, അതിൻ്റെ പുതിയ എഡിഷനായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. ഒരു മുതിർന്ന വനിത നേതാവിനെ.., ഒരു ഭരണ മികവിൻ്റെ പ്രതീകത്തെ.., പാർട്ടി മാറ്റി നിർത്തുമ്പോൾ ചോദ്യങ്ങൾ പലതും ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ വരാൻ പോകുന്നത് ക്യാപ്റ്റൻ്റെ മാത്രം കളി ആയിരിക്കുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും പ്രതിച്ഛായ കൊണ്ട് ചരിത്ര ഭരണം നേടിയ ടീം പിണറായി യുവത്വത്തെ നിർത്തി സദ്ഭരണം നടത്തും എന്നത് തന്നെയാണ് പ്രതീക്ഷ.