കോഴിക്കോട് : ഒഴുകിയെത്തിയ കലാസ്വാദകരെ സാക്ഷിയാക്കി ശ്രാവസ്‌തി വേദിയെ ഇളക്കിമറിച്ച് നാടൻപാട്ട് മത്സരം. 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ 20ാം വേദിയായ ടൗണ്‍ ഹാളിലെ ശ്രാവസ്‌തിയിലായിരുന്നു മത്സരം. മത്സരാർഥികൾക്കൊപ്പം കാണികളും ആടിയും പാടിയും കൈയടിച്ചും ഒപ്പം ചേർന്നു.
നാടൻപാട്ടിന്‍റെ ഈരടികൾക്കൊപ്പം വാദ്യോപകരണങ്ങളുടെ താളമേളം കൂടിയായപ്പോൾ മത്സരം ആവേശത്തിൽ മുങ്ങുകയായിരുന്നു. കാണികൾ കൈയടിച്ചും ഭാവങ്ങൾ വിരിച്ചും പ്രതിഭകൾക്ക് പ്രോത്സാഹനമേകിക്കൊണ്ടിരുന്നു. കേരളത്തിലെ ഓരോ പ്രദേശത്തും നിലനിന്നിരുന്ന ഭാഷയിൽ ഉണ്ടായിട്ടുള്ള ശീലുകളാണ് നാടൻപാട്ടുകൾ. ഇവ ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയേയും സംസ്‌കാരത്തേയും പ്രതിനിധാനം ചെയ്യുന്നു.
നാടൻപാട്ടുകൾ പല കാലങ്ങളിലായി പരിണാമം സംഭവിച്ച് വന്നവയാണ്. മിക്കവയ്ക്കും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഭാഷയുടെ വ്യാകരണസംഹിതകളിലും ഛന്ദശാസ്ത്രനിയമങ്ങളിലും ഒതുങ്ങിനിൽക്കുന്നതിനുപകരം ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള നാട്ടുഭാഷയിലാണ് മിക്ക നാടൻപാട്ടുകളും രൂപപ്പെട്ടിട്ടുള്ളത്. ഇത് ഓരോ പ്രദേശത്തും നിലനിന്നിരുന്ന ആചാരങ്ങളും സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഛന്ദശാസ്ത്രം : അക്ഷരം, വർണം, മാത്ര തുടങ്ങിയവയെ പദ്യരൂപത്തിൽ സന്നിവേശിപ്പിക്കുന്നതിനുള്ള നിബന്ധനകളാണ് ഈ പേരില്‍ അറിയപ്പെടുന്നത്.