കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ദഫ്‌മുട്ടിന്‍റെ താളപ്പെരുക്കം. മുസ്‌ലിം സമുദായക്കാർക്കിടയിൽ പ്രചാരത്തിലുള്ള ദഫ്‌മുട്ട് കളി താളപ്പകർച്ചകൊണ്ടാണ് ശ്രദ്ധ നേടുന്നത്. ദപ്പ് റാത്തിബ് എന്നും ദപ്പ് കവാത്ത് എന്നും അറിയപ്പെടുന്ന ഈ കലാരൂപത്തിൽ ദഫ് ആണ് പ്രധാന വാദ്യോപകരണം.
ഏകദേശം രണ്ടടി വ്യാസത്തില്‍ മരം വട്ടത്തില്‍ കുഴിച്ച് ഒരു ഭാഗം കാളത്തോല്‍ കൊണ്ട് വരിഞ്ഞാണ് ഇതുണ്ടാക്കുന്നത്. പത്തുപേരിൽ കുറയാത്ത വെളുത്ത കുപ്പായമണിഞ്ഞ് വൃത്തത്തിൽ നിന്ന് കൊണ്ട് ദഫ് കൊട്ടി ഈണത്തിൽ പാട്ടുപാടിയാണ് ദഫ്‌മുട്ട് കളിക്കുന്നത്. ഇരുന്നും നിന്നും ഉയർന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വച്ച് അവതരിപ്പിക്കുന്ന ഈ കലാരൂപം പതിഞ്ഞ ശബ്‌ദത്തിൽ പ്രാര്‍ഥനയോടു കൂടിയാണ് ആരംഭിക്കുക.
പിന്നീട് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു. സംഘത്തലവന്‍ പാടിയ പാട്ട് മറ്റു കളിക്കാര്‍ ചുവടുവച്ചു കൊണ്ട് ഏറ്റുപാടുകയാണ് ഇവിടെ ചെയ്യുന്നത്. മാലോന്‍റെ ചൊറ, വമ്പുറ്റന്‍റെ ചൊറ, മാലച്ചൊട്ട്, സലാത്തുള്ള സലാമുള്ളക്കളി, മുത്തിനബി മകള്‍ ഉത്താനെ എന്നിങ്ങനെ തുടങ്ങി നിരവധി ഇനം കളികൾ ഇതിലുണ്ട്.
ആദ്യകാലങ്ങളിൽ അറബി മലയാള സാഹിത്യത്തിലെ ഗാനങ്ങൾ പാടികൊണ്ടാണ് ഈ കലാരൂപം അരങ്ങേറിയിരുന്നതെങ്കിലും പിന്നീട് ഇന്ന് കാണുന്ന രീതിയിലുള്ള പാട്ടുകൾക്ക് പ്രചാരം ലഭിച്ചു. അറേബ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ദഫ്‌മുട്ട് കളി പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിന് മുൻപും പ്രചാരത്തിലൂണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മതപരമായ അനുഷ്‌ഠാനത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന ദഫ്‌മുട്ട് കളിയാണ് ദപ്പ് റാത്തീബ്.
മുസ്‌ലിങ്ങള്‍ പ്രാര്‍ഥനയായി ദപ്പ് റാത്തിബ് നടത്താറുണ്ട്. കുത്ത് റാത്തിബ് എന്നും ഇതിനു പേരുണ്ട്. അനുഷ്‌ഠാനമെന്നതിനു പുറമെ ഒരു സാമൂഹ്യ വിനോദമായും ദഫ്‌മുട്ട് കളി അവതരിപ്പിക്കാറുണ്ട്. മുന്‍പു കാലങ്ങളില്‍ ആണുങ്ങള്‍ മാത്രമായിരുന്നു ദഫ്‌മുട്ട് കളി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചില നിയന്ത്രണങ്ങളോടെ സ്‌ത്രീകളുടെ സംഘങ്ങളും ദഫ്‌മുട്ട് കളി അവതരിപ്പിക്കാറുണ്ട്.