കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങി കോഴിക്കോട് ജില്ല. ജനുവരി മൂന്നിന് ആരംഭിക്കുന്ന കലോത്സവം ഏഴിന് അവസാനിക്കും. 24 വേദികളിലായി അരങ്ങേറുന്ന മത്സരങ്ങളില്‍ ഇത്തവണ പതിനാലായിരത്തോളം മത്സരാര്‍ഥികളാണ് മാറ്റുരയ്‌ക്കുക. 2015ല്‍ അവസാനമായി സ്‌കൂള്‍ കലോത്സവത്തിന് വേദിയായ കോഴിക്കോട് ഇക്കുറി എട്ടാം തവണയാണ് പോരാട്ടങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.
239 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. സംസ്‌കൃതോത്സവം, അറബിക് സാഹിത്യോത്സവം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. മുന്‍പ് പല ഘട്ടങ്ങളിലും വിധി നിര്‍ണയത്തിനെതിരെ തര്‍ക്കം ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
കലോത്സവത്തിനലെ സമ്മാനമായ സ്വര്‍ണ കപ്പ് ഡിസംബര്‍ 31ന് പാലക്കാട് നിന്നും കോഴിക്കോട് എത്തിക്കും. രാമനാട്ടുകരയില്‍ നിന്നും തുറന്ന ജീപ്പില്‍ ആകും കപ്പ് പാളയത്തേക്കും തുടര്‍ന്ന് ബിഇഎം സ്‌കൂളിലേക്കും എത്തിക്കുക. വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ചാകും സ്വര്‍ണകപ്പിന്‍റെ യാത്ര.
ജനുവരി 2 മുതലാണ് കലോത്സവത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കുക. ഇതിനായി കോഴിക്കോട് ഗവണ്‍മെന്‍റ് മോഡല്‍ സ്‌കൂളില്‍ ഓരോ ജില്ലയ്‌ക്കും പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍ സമയത്ത് വെബ് പോര്‍ട്ടലിലൂടെ താമസ സൗകര്യം ആവശ്യപ്പെടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ 20 സ്‌കൂളുകളിലാണ് ഇത്തവണ മത്സരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുക. മലബാര്‍ ക്രിസ്റ്റ്യന്‍ കോളജ് ഗ്രൗണ്ടിലാണ് കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായുള്ള ഭക്ഷണ പന്തല്‍. ഓരേ സമയം 2,000-ത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍ സജ്ജമാക്കുക.
ക്രമസമാധാനപാലനത്തിന്‍റെയും ഗതാഗത ക്രമീകരണങ്ങളുടെയും ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കുക. പ്രധാന വേദിക്കരികില്‍ കണ്‍ട്രോള്‍ റൂമും മറ്റ് വേദികളില്‍ ഔട്ട്‌പോസ്റ്റുകളും സ്ഥാപിക്കും. പൊലീസ് വകുപ്പുമായി ചേർന്നുകൊണ്ട് കോഴിക്കോട് ജില്ലയിലെ 11 സ്‌കൂളുകളിലെ എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട് & ഗൈഡ്‌സ്, ജെ.ആർ.സി കുട്ടികളുടെ സേവനം എല്ലാ വേദികളിലും ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.