കോഴിക്കോട്: ചാലിയാറിന്‍റെ തീരത്തെ കൈതോല വെട്ടിയെടുത്ത് പായ മെടഞ്ഞ് വീടുകളിൽ എത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മാവൂർ കായലത്തെ വിളക്കുമാടത്തിൽ കാർത്യായനിക്കും സഹോദരിമാർക്കും. നാല് പതിറ്റാണ്ട് മുൻപത്തെ ആ ഓർമകൾ രാകിയെടുക്കുകയാണ് കാർത്യായനിയും സഹോദരിമാരും. പലതരം തൊഴിലുകളുടെ തിരക്കിനിടെ 15 വർഷത്തിലധികമായി മുടങ്ങിക്കിടന്നിരുന്ന പായ നെയ്‌ത്ത് അതിജീവനത്തിനായി പുനരാരംഭിച്ചിരിക്കുകയാണ് ഇവർ.
ചെറിയ പ്രായത്തിലാണ് കാർത്യായനിയും സഹോദരങ്ങളായ സരോജിനി, കല്യാണി, അമ്മാളു, ദേവി എന്നിവരും പായ നെയ്ത്ത് പഠിച്ചുതുടങ്ങിയത്. പിന്നീടങ്ങോട്ട് വീട്ടുപണിക്കൊപ്പം ഒരു ദിവസം ഒരു പായയും നെയ്തു തീർത്തു തുടങ്ങി. ഉപജീവനത്തിനൊപ്പം കലാപരമായ ആവിഷ്‌ക്കാരം കൂടിയായിരുന്നു കാർത്യായനിക്ക് പായ നെയ്‌ത്ത്.
കൈതോല പാട്ടത്തിനെടുത്ത് പായ നിർമാണം
ചാലിയാറിന്‍റെ തീരത്തെ കെെതോല ഒരു വർഷത്തേക്ക് പാട്ടത്തിനെടുക്കും. കൂടാതെ തോട്ടുവക്കിലും പുഴയോരത്തും നിന്ന് കൈതോലയും പനയോലയും മുറിച്ചെടുത്ത് കൂട്ടിവെയ്ക്കും. 60, 100 രൂപയ്ക്കായിരുന്നു പായ വിറ്റിരുന്നത്. കായലത്തെ മിക്ക വീടുകളിലും പായ എത്തിച്ചിരുന്നത് കാർത്യായനിയും സഹോദരിമാരുമായിരുന്നു. പായയും ചുമലിലേറ്റി പുഴ കടന്ന് ചുങ്കപ്പള്ളിയിലെ ജുമാ നമസ്കാര സമയത്ത് വിറ്റ് മടങ്ങിയതെല്ലാം കാർത്യായനിയുടെ ഓർമയിൽ തെളിഞ്ഞൊഴുകുന്നുണ്ട്. നെയ്ത്തുകാരെ പോലെ നിരവധി വിൽപ്പനക്കാരും അന്നുണ്ടായിരുന്നു.
എന്നാൽ ഇന്ന് തോടും ചിറകളും ഇല്ലാതായതോടെ തഴയും കിട്ടാക്കനിയായി. പായ നെയ്‌ത്തിൽ വിരലിലെണ്ണാവുന്നവരാണ് ഇന്നുളളതെന്ന് കാർത്യായനി പറയുന്നു. പ്ലാസ്‌റ്റിക് പായയുടെ വരവോടെ തഴപ്പായയ്ക്ക് ആവശ്യക്കാർ കുറഞ്ഞു, പലരും തൊഴിൽ ഉപേക്ഷിച്ചു. പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും മാത്രം കിട്ടുന്ന അപൂർവ വസ്തുവായി ഇന്ന് തഴപ്പായ മാറിയെന്നും കാർത്യായനി പറയുന്നു.