കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിന്‍റെ കാര്‍ഗോ ഹോള്‍ഡില്‍ തീപിടിത്തമുണ്ടായതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം കണ്ണൂരിലേക്ക് തിരിച്ച് വിട്ടത്. കരിപ്പൂരില്‍ നിന്നും ഇന്ന് (സെപ്‌റ്റംബര്‍ 27) രാവിലെ 9.53ന് ടേക്ക് ഓഫ് ചെയ്‌ത വിമാനമാണ് ഒരു മണിക്കൂറിന് ശേഷം കണ്ണൂരില്‍ തിരിച്ചിറക്കിയത്.
മുന്നറിയിപ്പ് ലൈറ്റ് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം കണ്ണൂരിലേക്ക് തിരിച്ച് വിടുകയായിരുന്നു. എന്നാല്‍ വിമാനത്തിന് യതൊരു പ്രശ്‌നങ്ങളുമില്ലെന്നും പൈലറ്റിന് ലഭിച്ചത് തെറ്റായ മുന്നറിയിപ്പായിരുന്നുവെന്നും പരിശോധനകള്‍ക്ക് ശേഷം അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തിലും അസൗകര്യത്തിലും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഖേദം പ്രകടിപ്പിച്ചു.
കണ്ണൂരില്‍ ഇറക്കിയ വിമാനത്തിന് പകരം യാത്രക്കാര്‍ക്ക് ബദല്‍ വിമാനം ക്രമീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഉടന്‍ കണ്ണൂരില്‍ എത്തുമെന്നും യാത്രക്കാര്‍ക്ക് അതില്‍ യാത്ര തുടരാമെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു.