കോഴിക്കോട്: കേരളത്തിലെ മാവോയിസ്റ്റുകളെ ഇസ്ലാമിക തീവ്രവാദ സംഘടനകൾ സഹായിക്കുന്ന കാര്യം തനിക്കോ സിപിഐക്കോ അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ കൂട്ടുകെട്ടുണ്ടോയെന്ന് അറിയില്ല. അത്തരം വ്യഖ്യാനം കൊടുക്കുന്നതിനോട് സിപിഐക്ക് യോജിപ്പില്ല. എന്നാൽ യുഎപിഎ നിയമം ചുമത്തുന്നതിനോട് സിപിഐയും സിപിഎമ്മും എതിരാണ്. ഇക്കാര്യം എല്ലാ ഇടതുപക്ഷ പാർട്ടികളുടേയും അഭിപ്രായമാണ്. ഇന്ത്യയിലെ ജയിലുകളിൽ യുഎപിഎ ചുമത്തപ്പെട്ട് കിടക്കുന്നവരിൽ ഭൂരിഭാഗവും മുസ്ലീം ചെറുപ്പക്കാരാണ്.
അതേസമയം പി. മോഹനന്റെ അഭിപ്രായത്തിന് വ്യാഖ്യാനം നൽകാൻ താൻ അശക്തനാണെന്നും കാനം പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത ചെറുപ്പക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആർ നമ്പർ 507/19 ൽ പറയുന്നത് അവരുടെ വീട്ടിൽ നിന്ന് രണ്ട് സിം കാർഡും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തുവെന്നാണ്. ഇത് മാരകായുധമാണെങ്കിൽ ഇവിടെ എല്ലാവരും മാരകായുധങ്ങൾ ഉപയോഗിക്കുന്നവരാണ്. പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ പല കഥകളും മെനയും. അത് പൂർണമായും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരോട് തനിക്ക് ബഹുമാനമില്ലെന്നും കാനം പറഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.