കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുധ ബാധിതനായി കോഴിക്കോട് എംവിആർ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ് കൈതപ്രം വിശ്വനാഥൻ.
അന്തരിച്ച പ്രശസ്‌ത സംഗീതജ്ഞനായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്‍റെയും മകനായി അദ്ദേഹം 1963ല്‍ കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രമാത്തിലായിരുന്നു ജനനം. മാതമംഗലം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും അദ്ദേഹം ഗാന ഭൂഷണം പാസായി.
മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് പയ്യന്നൂരില്‍ ശ്രുതിലയ എന്ന സംഗീത വിദ്യാലയവും അദ്ദേഹം തുടങ്ങി.
അദ്ദേഹം സിനിമയ്‌ക്ക് നല്‍കിയ സംഭാവനയും ചെറുതല്ല. ഇരുപതിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ജയരാജ് ചിത്രം 'ദേശാടന'ത്തില്‍ കൈതപ്രത്തിന്‍റെ സഹായിയായാണ് കൈതപ്രം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'ദേശാടന'ത്തിന് വേണ്ടി അദ്ദേഹം ആദ്യമായി ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചു. ജയരാജിന്‍റെ തന്നെ ചിത്രം 'കണ്ണകി'യിലാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
'കണ്ണകി', 'തിളക്കം', 'ഉള്ളം', 'ഏകാന്തം', 'ദൈവനാമത്തില്‍', 'മധ്യവേനല്‍', 'ഓര്‍മ്മ മാത്രം', 'നീലാംബരി', 'കൗസ്‌തുഭം' തുടങ്ങീ ചിത്രങ്ങളിലാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. 'കൗസ്‌തുഭം' എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.
'കണ്ണകി' എന്ന സിനിമയിലെ പശ്ചാത്തല സംഗീതത്തിന് അദ്ദേഹത്തിന് 2001ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.