കോഴിക്കോട്: സിനിമയുടെ രീതി മാറിയതാണ് നല്ല സിനിമ പാട്ടുകൾ പിറക്കാത്തതിന്‍റെ പ്രധാന കാരണമെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. പുതിയ സിനിമകളിൽ അഗാധമായ കുടുംബ ബന്ധങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ സെൻ്റിമൻസുകളുമില്ല. കുട്ടികളുടെ പ്രണയവും ചുറ്റിക്കളിയും മാത്രമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാണ് നല്ല പാട്ടുകൾ പിറക്കാത്തത്. നല്ല മെലഡികൾക്കുള്ള അവസരം സിനിമയില്ല. പാട്ടുകൾ കൊണ്ട് ലഭിക്കുന്ന വരുമാനം ഒരു കാലത്ത് നിർമാതാവിന് വലിയ അനുഗ്രഹമായിരുന്നു. ആ കാലമെല്ലാം തിരിച്ചു വരും എന്നാണ് പ്രതീക്ഷയെന്നും ചിലരെങ്കിലും അതിനായി പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും കൈതപ്രം വ്യക്തമാക്കി.
'സംഗീതം കൊണ്ട് സാന്ത്വനം നൽകാൻ കഴിഞ്ഞു'
പത്മശ്രീ ഏറ്റുവാങ്ങിയത് അഭിമാന നിമിഷമായി. ജീവിതത്തിൽ അപൂർവമായി വന്നുചേർന്ന വേളയായിരുന്നു അത്. ആ നേട്ടത്തിന് രാഷ്ട്രീയ പ്രാധാന്യമില്ല, മറിച്ച് ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളോട് പടപൊരുതിയതിൻ്റെ അംഗീകരമായി ഈ നേട്ടത്തെ കാണുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ യാത്രയിൽ സംഗീതം കൊണ്ട് സാന്ത്വനം നൽകാൻ കഴിഞ്ഞു. അതിൻ്റെയെല്ലാം പ്രതിഫലനം കൂടിയാവാം രാജ്യത്തിൻ്റെ അംഗീകാരം.
എഴുതിയ പല പാട്ടുകളും റെക്കോർഡ് ഭേദിച്ചവയാണ്. തൻ്റെ മുൻഗാമികളായ പാട്ടുകാർക്ക് കിട്ടാത്തെ പലതും തനിക്ക് ലഭിച്ചു. അത് ജനങ്ങൾക്കായി ഉപയോഗപ്പെടുത്തി. അതിലൂടെ ജയിച്ചു. ചെരുപ്പിട്ട് നടക്കാനുള്ള സാമ്പത്തിശേഷി ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു ജീവിതത്തിൽ. അതിൽ നിന്നെല്ലാം മാറി ആഗ്രഹിച്ച ഒട്ടുമിക്ക കാര്യങ്ങളും നേടിയെടുത്തത് കലാജീവിതത്തിൽ നിന്നാണ്.
'ഹൃദയത്തിൻ്റെ വികാരം പാട്ടുകളായി മാറി'
സിനിമ എഴുതുന്നവരും സംവിധായകരും പറയുന്നത് അതേപോലെ പാട്ടായി എഴുതിയിട്ട് കാര്യമില്ല. പാട്ടെഴുത്തുകാരൻ അതിൽ ഒരു ഭാവന കണ്ടെത്തണം. അതാണ് താൻ കൂടുതലും പിന്തുടരുന്ന രീതി. അതേ സമയം നേരിട്ടുള്ള പദപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. 'കളിവീടുറങ്ങിയല്ലോ.. അത്തരത്തിലുള്ള ഗാനരചനയാണ്. സ്വന്തം മകനെ പിരിഞ്ഞിരിക്കാൻ പറ്റാത്തതിൻ്റെ അനുഭവം കൂടിയായിരുന്നു ആ വരികളായത്. ഹൃദയത്തിൻ്റെ വികാരമാണ് ചില പാട്ടുകളായി മാറുന്നത്.
പാട്ടെഴുത്ത് ഒരു യാത്രയാണ്. നിരവധി അനുഭവങ്ങൾ അതിൽ വരികളായി മാറും. മനസിൽ മനുഷ്യത്വമുണ്ടെങ്കിലേ എവിടെയും മുന്നേറാൻ കഴിയൂ. സിനിമാക്കാർക്കായി ഒരു ദൈവവും ഇല്ല. എല്ലാ ധിക്കാരങ്ങളും തോന്നിവാസങ്ങളും ചെയ്യാവുന്ന മേൽവിലാസമാണ് സിനിമ എന്ന ധരിച്ചിരിക്കുന്ന ചിലരുണ്ട്. അതിനൊക്കെ മറുപടിയും തിരിച്ചടിയും കിട്ടും. കുറുക്കുവഴികളിൽ അർഥമില്ലെന്നും കൈതപ്രം.
ആ സംഭവം മറ്റൊരാളുടെ 'കളി'
സിനിമാക്കാർക്കിടയിലെ ഇണക്കവും പിണക്കവുമെല്ലാം സർവ സാധാരണമാണ്. 'ഉള്ളടക്ക'ത്തിലെ പാതിരമഴയേതോ... എന്ന ഗാനം റെക്കോർഡ് ചെയ്യുമ്പോൾ യേശുദാസും ഔസേപ്പച്ചനുമായി പിണക്കത്തിലായിരുന്നു. ഗാനങ്ങൾ റെക്കോർഡ് ചെയ്യാൻ രണ്ട് പേരെയും ട്രാക്കിലാക്കിയത് താൻ ഇടപെട്ടിട്ടാണ്. സംഗീത സംവിധായകരിൽ രവീന്ദ്രൻ മാസ്റ്ററുമായിട്ടാണ് ചെറിയ പിണക്കം ഉണ്ടായത്.
മറ്റൊരാളുടെ 'കളി'യുടെ ഭാഗമായിരുന്നു അത്. അഗ്നിസാക്ഷിയിലെ ഗാനങ്ങൾ ചെയ്യുന്ന സമയത്തായിരുന്നു അത്. ഒടുവിൽ ആ സിനിമയുടെ സംഗീതം തനിക്ക് ചെയ്യേണ്ടി വന്നു. ഞങ്ങളുടെ പിണക്കത്തിന് വലിയ ആയുസും ഉണ്ടായിരുന്നില്ല. രവി ബോംബെ, ഭരതൻ, ശരത് മോഹൻ സിതാര.. തുടങ്ങി കൂടെ പ്രവർത്തിച്ച സംഗീത സംവിധായകരുമായുള്ള അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചു.
ALSO READ: തിരുപ്പിറവി വരവേൽക്കാൻ നക്ഷത്ര തിളക്കത്തോടെ വിപണി സജീവം