കോഴിക്കോട്: സിപിഎം വനിത നേതാക്കൾക്കെതിരായ പൂതന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കാർക്കെതിരെ പൊതുവായി ഉപയോഗിക്കുന്ന വാക്കാണ് താൻ ഉപയോഗിച്ചതെന്നും ന്യായീക്കണം. ഒരാളെയും പേരെടുത്ത് പറഞ്ഞില്ല, അഴിമതിക്കാരെ ചൂണ്ടിക്കാണിക്കാൻ ഉപയോഗിച്ച വാക്കാണത്.
മറ്റ് രാഷ്‌ട്രീയ പാർട്ടിക്കാർ നടത്തിയ സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയിൽ കേസെടുത്തില്ല. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കാനാണ് മറ്റ് പാർട്ടികൾ ശ്രമിക്കുന്നത്. ഇടതിനും വലതിനും ഒന്നാവാനാണ് ആഗ്രഹമെങ്കിൽ നടക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
ഞായറാഴ്‌ച തൃശൂരില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെ ആയിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വിവാദ പരാമര്‍ശം. 'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിത നേതാക്കളെല്ലാം തടിച്ചു കൊഴുത്തു. കാശടിച്ചുമാറ്റി തടിച്ച് കൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്‌ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്', എന്നതായിരുന്നു സുരേന്ദ്രന്‍റെ പരാമര്‍ശം. അധിക്ഷേപകരമായ പരാമര്‍ശത്തില്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
സുരേന്ദ്രനെതിരെ കേസെടുത്ത് കന്‍റോണ്‍മെന്‍റ് പൊലീസ്: മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിഎസ് സുജാതയുടെ പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബിജെപി അധ്യക്ഷന്‍റെ പ്രസ്‌താവനയിലെ പൊളിറ്റിക്കല്‍ ഇന്‍കറക്‌ട്‌നസും ബോഡി ഷെയ്‌മിങ്ങും ഉയര്‍ത്തിക്കാട്ടി പലരും രംഗത്തു വന്നിരുന്നു.
വിവാദ പ്രസ്‌താവന പിന്‍വലിച്ച് കെ സുരേന്ദ്രന്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. 'യുഡിഎഫ് കെ സുരേന്ദ്രന്‍റെ പരാമർശത്തെ അപലപിക്കുന്നു. അദ്ദേഹം പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം. രാഷ്‌ട്രീയ പാർട്ടിയിലെ സ്‌ത്രീകലെ എന്നല്ല, ഒരു സ്‌ത്രീയെയും ഇത്തരത്തിൽ അപമാനിക്കാന്‍ പാടില്ല. അദ്ദേഹത്തിന്‍റെ പ്രസ്‌താവനയില്‍ ബോഡി ഷെയ്‌മിങ് ഉൾപ്പെടുന്നുണ്ട്. രാഷ്‌ട്രീയമായി തെറ്റായ ഒരു പരാമർശമാണ് അദ്ദേഹത്തിന്‍റേത്', വിഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ ഇത്തരമൊരു പരാമര്‍ശം അംഗീകരിക്കാനാവില്ലെന്നും ഒന്നുകിൽ കെ സുരേന്ദ്രന്‍ മാപ്പ് പറയുകയോ അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നു. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സുരേന്ദ്രനെതിരെ പരാതി നല്‍കുകയും ചെയ്‌തു.
പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ നായരാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്‌ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമര്‍ശത്തില്‍ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വനിത കമ്മിഷന്‍ അധ്യക്ഷ സതീദേവിക്കും വീണ നായര്‍ പരാതി നല്‍കിയിരുന്നു.
സുരേന്ദ്രന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീമ ജോര്‍ജും രംഗത്ത് വന്നു. സ്‌ത്രീകളെ ശരീരമായി മാത്രം കാണുന്ന നിലപാടാണ് സുരേന്ദ്രന്‍റേത് എന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. അധിക്ഷേപകരമായി പരാമര്‍ശത്തിലൂടെ സിപിഎമ്മിലെ വനിത പ്രവര്‍ത്തകരെ മാത്രമല്ല മുഴുവന്‍ സ്‌ത്രീകളെയുമാണ് അധിക്ഷേപിച്ചത് എന്ന് വീണ ജോര്‍ജ് പറഞ്ഞു. രാഷ്‌ട്രീയ വിമര്‍ശനത്തിന് സ്‌ത്രീകളുടെ ശരീരം ഉദാഹരണമായി കാണിക്കുന്നത് ശരിയായ രീതിയല്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനും പ്രതികരിക്കാതിരുന്നതും വിമര്‍ശനത്തിന് വഴിവച്ചു.