കോഴിക്കോട്: പ്രാദേശിക തലത്തിൽ കോൺഗ്രസിന് നീക്കുപോക്കുകൾ ഉണ്ടെന്ന് കെ.മുരളീധരൻ എം.പി. അതിനെതിരെ പ്രവർത്തിക്കുന്നവരെ പുറത്താക്കുമെന്നും അതാണ് മുക്കത്ത് സംഭവിച്ചതെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ബന്ധമുണ്ടാക്കണോ എന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. കണ്ണൂരിലും കോഴിക്കോട്ടെ ഉൾപ്രദേശങ്ങളിലും സിപിഎം യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചത് പരാജയ ഭീതി മൂലമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ നിലപാട് മാറ്റി. മതേതര നിലപാടുകളാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നത്. തിരുവനന്തപുരത്ത് ഭരണം കിട്ടിയില്ലെങ്കിൽ ബിജെപി അധികാരത്തിൽ എത്താതിരിക്കാനുള്ള നിലപാടാവും യുഡിഎഫ് സ്വീകരിക്കുക എന്നും കെ. മുരളീധരൻ കോഴിക്കോട് പറഞ്ഞു.