കോഴിക്കോട് : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ എംപി (K Muraleedharan On Puthuppally Bypoll). പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ സംഘടന സംവിധാനത്തിന് വീഴ്‌ച സംഭവിച്ചെന്ന് മുരളീധരൻ എംപി ആരോപിച്ചു. (K Muraleedharan). നേതൃത്വം ഒരിടത്ത് തന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനം കൊണ്ടാണ് പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടാനായത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്ലാവർക്കും ഒരിടത്ത് തന്നെ കേന്ദ്രീകരിക്കാൻ പറ്റില്ല. അതുകൊണ്ട് സംഘടന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
ഭരണ വിരുദ്ധ വികാരവും സഹതാപ തരംഗവും മികച്ച വിജയത്തിലേക്ക് നയിച്ചു. സിപിഎമ്മിന് സങ്കടം ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ്. പന്ത്രണ്ടായിരത്തിലേറെ സ്വന്തം വോട്ട് കുറഞ്ഞതിൽ അവർക്ക് വേവലാതിയില്ല. സംഘടന തലത്തിൽ അവഗണനയോ എന്ന ചോദ്യത്തിന് താൻ നേരത്തെ പറഞ്ഞ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിലെ വിജയം യുഡിഎഫിന്‍റെ പ്രവര്‍ത്തനമികവെന്ന് വി ഡി സതീശന്‍: പുതുപ്പള്ളിയിലെ വിജയം കേഡർ പാർട്ടിയെ വെല്ലുന്ന യുഡിഎഫിന്‍റെ പ്രവർത്തനമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു (V D Satheesan on Puthuppally Bypoll Victory). തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും വിജയം കൈവരിച്ചതിന് കാരണവും അതുതന്നെയാണെന്നും ക്രെഡിറ്റ് ടീം യുഡിഎഫിനുള്ളതാണെന്നും വി ഡി സതീശന്‍ ഫേസ്ബുക്കിൽ കുറിച്ചു.
'രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകരും നേതാക്കളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. പോരായ്‌മകള്‍ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടന സംവിധാനത്തെ കുറ്റമറ്റരീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാനായതും വിജയത്തിന് കാരണമായി' - വി ഡി സതീശൻ പറഞ്ഞു. ഒറ്റക്കെട്ടായി പോരാടിയാല്‍ ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാമെന്നും, ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ജനവിരുദ്ധ സര്‍ക്കാരിനെ 2026-ല്‍ താഴെയിറക്കാമെന്നും അദ്ദേഹം പോസ്‌റ്റില്‍ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം : ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും നമ്മള്‍ തെളിയിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഇന്ന് യു.ഡി.എഫിന് നല്‍കിയത്. സ്‌നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു.ഡി.എഫിന്‍റെ ചരിത്ര വിജയം. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്‌തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്‍റെ പൊതുമനസാണ്. #TeamUDF നുള്ളതാണ് ഈ വിജയത്തിന്‍റെ ക്രെഡിറ്റ്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകരും നേതാക്കളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. പോരായ്‌മകള്‍ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാനായി. കൂട്ടായ്‌മയുടെയും സംഘബോധത്തിന്‍റെയും സ്‌നേഹത്തിന്‍റെയും വിജയമാണ് പുതുപ്പള്ളിയില്‍ കണ്ടത്. ഒറ്റക്കെട്ടായി നിന്ന് പോരാടിയാല്‍ ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും നമുക്ക് വിജയം ആവര്‍ത്തിക്കാം. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ 2026-ല്‍ താഴെയിറക്കാം. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി. ഹൃദയാഭിവാദ്യങ്ങള്‍.