കോഴിക്കോട്: ഇത്രയും കാലം ഒപ്പം നിന്ന കെ.വി തോമസിനെ പോലെയുള്ള ഒരു നേതാവ് സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ പോകുന്നതില്‍ വിഷമമുണ്ടെന്ന് കെ.മുരളീധരന്‍ എം.പി. ഈ പ്രായത്തില്‍ ഇങ്ങനെ ഒരു വേഷം കെട്ടണോ എന്ന് ആലോചിക്കേണ്ടത് കെ.വി. തോമസ് ആണ്. എന്നാല്‍ ഇതിന്‍റെ പേരില്‍ കെ.വി. തോമസിനെ അപമാനിക്കുന്നതിനോട് യോജിപ്പില്ലെന്നു മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ മനോവിഷമങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച്ച പറ്റിയിട്ടുണ്ടാകാം. ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്‍റില്‍ പോയത്. അദ്ദേഹത്തിനുണ്ടായിരുന്ന ചില വിഷമങ്ങള്‍ പാര്‍ട്ടിക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നു അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നശിച്ച് കാണണം എന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അപ്പോള്‍ അവര്‍ നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതിൽ പങ്കെടുക്കുന്നത് ശരിയല്ല. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. മറ്റൊരു സംസ്ഥാനത്താണ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു. ഒരുപാട് കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.
Also read: കേന്ദ്ര കമ്മറ്റിയെ വിമർശിക്കാനൊരുങ്ങി സിപിഎം കേരള ഘടകം