കോഴിക്കോട് : കഠിന പരിശ്രമവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏത് വലിയ ആഗ്രഹവും അനായാസം നിറവേറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് കടിയങ്ങാട് സ്വദേശി എം.ടി ജാസ്മിന്‍. സംസ്ഥാനത്തെ ആദ്യ വനിത ക്രിക്കറ്റ് കോച്ചാവുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതോടൊപ്പം രാജ്യത്തെ ആദ്യ മുസ്ലിം വനിത ക്രിക്കറ്റ് കോച്ച് എന്ന നേട്ടവും ജാസ്മിന്‍ സ്വന്തമാക്കി.
തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്കൂളിൽ ക്രിക്കറ്റ് പരിശീലകയായി നിയോഗിക്കപ്പെട്ടപ്പോള്‍ മുതൽ ഇത്തരമൊരു നേട്ടത്തിനായി ജാസ്മിന്‍ കഠിനമായ പരിശ്രമത്തിലായിരുന്നു.
പാട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോര്‍ട്‌സിൽ നിന്ന് ക്രിക്കറ്റ് കോച്ചിങ്ങില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങിയപ്പോഴാണ് ആദ്യ മുസ്ലിം വനിത കോച്ച് എന്ന നേട്ടവും സ്വന്തമായെന്ന വിവരം ജാസ്‌മിൻ തിരിച്ചറിയുന്നത്.
ALSO READ: 'പി ജയരാജനുമായി കൂടിക്കാഴ്ച'; സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയെന്ന് പ്രസീത
ആവേശകരമായ ഒരു മത്സരത്തില്‍ ടീം വഴുതിപ്പോകുമ്പോള്‍ ഒരു കോച്ചെടുക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ പോലെയായിരുന്നു ജാസ്മിന്‍റെ ജീവിതവും. ബിരുദപഠനത്തിനും പുതിയൊരു കോഴ്‌സിനും ഇടയില്‍ നീണ്ട 12 വര്‍ഷത്തെ ഇടവേള.
ശേഷം കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഔപചാരിക സാക്ഷ്യപത്രം 33ാം വയസില്‍ ജാസ്മിന്‍ നേടുമ്പോൾ അതവര്‍ക്ക് വെല്ലുവിളികൾ നിറഞ്ഞ ഒരു മത്സര പരമ്പര സ്വന്തമാക്കിയതിന്‍റെ ആവേശമായി.
ഒമാനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് തൻവീറിന്‍റെ പൂര്‍ണ പിന്തുണയാണ് തന്‍റെ തീരുമാനങ്ങള്‍ക്ക് കരുത്തായതെന്ന് ജാസ്മിന്‍ പറയുന്നു. ലോക്ക്ഡൗണായതിനാൽ വീട്ടുമുറ്റത്തെ പരിമിത സൗകര്യത്തില്‍ കുട്ടികളെ ക്രിക്കറ്റ് അഭ്യസിപ്പിക്കുകയാണ് ജാസ്മിന്‍ ഇപ്പോൾ.