കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. രണ്ടാം പ്രതിക്ക് 30 വർഷം തടവും കോടതി വിധിച്ചു. നാദാപുരം പോക്സോ അതിവേഗ കോടതി ജഡ്‌ജി എം.ശുഹൈബാണ് ശിക്ഷ വിധിച്ചത് (POCSO Court Verdict On Janakikkad Gang Rape Case).
കേസില്‍ കുറ്റ്യാടി സ്വദേശികളായ സായുജ്, ഷിബു, രാഹുൽ, അക്ഷയ് എന്നിവരാണ് കുറ്റക്കാർ. ഇതില്‍ രണ്ടാം പ്രതിയായ ഷിബുവിനാണ് കോടതി 30 വർഷം തടവ് ശിക്ഷ വിധിച്ചത്. ജാനകിക്കാടിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സമർപ്പിച്ച സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചാണ് കോടതിയുടെ വിധിയെത്തുന്നത്.
എന്താണ് ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്: 2021 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. 17 വയസുകാരിയെ ഒന്നാം പ്രതി പ്രണയം നടിച്ച് കുറ്റ്യാടിക്ക് സമീപമുള്ള ജാനകിക്കാടില്‍ ബൈക്കില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേർത്ത് നല്‍കി ബോധരഹിതയാക്കിയ ശേഷം സായുജും മറ്റും മൂന്ന് പ്രതികളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ശേഷം പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തിയത്. നാദാപുരം അസിസ്‌റ്റന്‍റ് കമ്മിഷണർ നിഥിന്‍ രാജിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.