കോഴിക്കോട്: മുസ്‌ലിം ലീഗ് (Muslim League) അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ (Syed Sadiqali Shihab Thangal) നേതൃത്വത്തിൽ ഐയുഎംഎൽ (IUML) പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ (ET Mohammad Basheer), പി വി അബ്‌ദുൽ വഹാബ് (PV Abdul Wahab), ഡോ എം പി അബ്‌ദുസമദ് സമദാനി (Dr. MP Abdussamad Samadani), നവാസ് ഗനി (Nawaz Ghani) എന്നിവര്‍ക്കൊപ്പം ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും (Khurram Anees Umar) സംഘത്തിലുണ്ട്.
ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്‌ലിം ലീഗ് നേതാക്കൾ പറഞ്ഞു. നേരത്തെ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പും മണിപ്പൂർ വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തും. സുപ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്‌ച നടത്തും. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുകയും ചെയ്യുമെന്ന് മുസ്ലീംലീഗ് സംസ്ഥാന -ദേശീയ നേതാക്കൾ അറിയിച്ചു.
അപൂർവ ചിത്രം: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുടെ അപൂർവ ചിത്രം പങ്കുവെച്ച് പിവി അബ്‌ദുൽ വഹാബ് എംപി. മണിപ്പൂർ യാത്രയ്ക്കിടെയുള്ള ചിത്രമാണ് എംപി പങ്കപവെച്ചത്.
തൊപ്പി ഇല്ലാതെ, സാധാരണ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള ഷര്‍ട്ടിന് പകരം ഇളംനീല ഷർട്ടും നീല പാന്‍റും ധരിച്ചാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്ളത്. തങ്ങള്‍ക്കൊപ്പം വെള്ള വേഷത്തിൽ വഹാബും ഉണ്ട്. ഐ യു എം എല്‍ പ്രതിനിധി സംഘം മണിപ്പൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിൽ നിൽക്കുന്നതാണ് ചിത്രമെന്നാണ് സൂചന.
Also Read : Manipur Violence | പൊലീസുകാരന്‍ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി സിപിഎം - സിപിഐ പാര്‍ലമെന്‍റ് അംഗങ്ങള്‍: മണിപ്പൂരിലെ സംഘര്‍ഷ ബാധിത മേഖലകളില്‍ സിപിഎം - സിപിഐ അംഗങ്ങല്‍ സംയുക്ത സന്ദര്‍ശനം നടത്തി. ജൂലൈ ആറ് മുതല്‍ എട്ട് വരെയായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. അഞ്ച് എംപിമാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കേന്ദ്ര സർക്കാരിന്‍റെയും മണിപ്പൂർ സംസ്ഥാന സർക്കാരിന്‍റെയും ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ എന്ന അവകാശ വാദം പൊള്ളയാണെന്ന് മണിപ്പൂരിലെ സംഭവങ്ങൾ തെളിയിക്കുന്നതായി ഡല്‍ഹിയില്‍ നിന്ന് ഇംഫാലിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഇടത് എംപിമാരുടെ സംഘം ആരോപിച്ചിരുന്നു. ഇത്രയും സംഭവങ്ങള്‍ അരങ്ങേറുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പകരം പ്രതിക്ഷ പാര്‍ട്ടികളെ പിളര്‍ത്തുന്നതിനുമാണ് ബിജെപി നേതൃത്വം കൂടുതല്‍ ശ്രമിക്കുന്നതെന്നും ഇടത് അംഗങ്ങള്‍ പറഞ്ഞിരുന്നു.