കോഴിക്കോട് : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയില്‍ത്തന്നെയെന്ന് പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന മൂന്നാമത്തെ പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വച്ചെടുത്ത എംആർഐ സ്കാനിംഗിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.
സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സിറ്റി പൊലീസ് അസിസ്റ്റൻ്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് ഡിഎംഒക്ക് കൈമാറി. തുടർ നടപടികൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച ശേഷമായിരിക്കും സ്വീകരിക്കുക. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്താനാണ് സാധ്യത.
2017 നവംബര്‍ 30നായിരുന്നു ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം വേദന മാറാതായതോടെ സ്‌കാനിംഗ് നടത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് കത്രിക കണ്ടെത്തുന്നത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക മൂത്ര സഞ്ചിയിലാണ് കുത്തി നിന്നത്. ഇതേ തുടർന്ന് മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി.
വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മെഡിക്കൽ കോളജിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ആരോഗ്യ മന്ത്രിയടക്കം ഇടപെട്ടിരുന്നെങ്കിലും ഹർഷിനയ്ക്ക് നീതി ലഭിച്ചിരുന്നില്ല. മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടരുന്നതിനിടെയാണ് ആശ്വാസമായി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
'നഷ്‌ടപരിഹാരം 2 ലക്ഷം, പരിഹസിക്കുന്ന തരത്തിലെന്ന് ഹർഷിന' : ആരോഗ്യ വകുപ്പിന് കീഴിലെ കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ ഭാഗത്തു നിന്നുണ്ടായത് ചികില്‍സാ വീഴ്ചയാണെന്ന് സമ്മതിച്ചില്ലെങ്കിലും സംഭവത്തിൽ പരാതിക്കാരിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഹർഷിനയ്‌ക്ക് അനുവദിക്കാനായിരുന്നു മന്ത്രിസഭായോഗത്തിന്റെ തീരുമാനം.കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരാകട്ടെ തങ്ങളുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം വകുപ്പു തലത്തില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പൊലീസ് അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
എന്നാൽ നഷ്‌ടപരിഹാരത്തുക പ്രഖ്യാപിച്ചത് പരിഹസിക്കുന്ന തരത്തിലാണെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു ഹർഷിന പ്രതികരിച്ചത്. തുടർന്ന് ആരോഗ്യമന്ത്രി ഹർഷിനയെ നേരിട്ടുകണ്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും അർഹമായ നഷ്‌ടപരിഹാര തുക നൽകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ല എന്നും ഹർഷിന ആരോപിച്ചിരുന്നു.
സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി ഉണ്ടാവണമെന്നും തനിക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കണമെന്നും ആയിരുന്നു ഹർഷിനയുടെ ആവശ്യം.വയറ്റില്‍ നിന്നു കണ്ടെടുത്ത ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കാലപ്പഴക്കം തിട്ടപ്പെടുത്താന്‍ നടത്തിയ ഫോറൻസിക് പരിശോധനാഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഹർഷിന മുമ്പും നിരാഹാര സമരം നടത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിന് മുമ്പിലായിരുന്നു ഈ സമരവും നടത്തിയത്.
മറ്റേതോ ആശുപത്രിയിൽ വച്ച് സംഭവിച്ചതെന്ന് അധികൃതർ : മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണം. ഇതിനിടെ സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രതികാര നടപടിയുമായി രംഗത്തെത്തിയിരുന്നു. തെറ്റുപറ്റിയതായി ഡോക്‌ടർമാർ സമ്മതിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് പകര്‍ത്തിയിരുന്നു. ഇതിനെതിരെയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ രംഗത്തെത്തിയത്. ഡോക്‌ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് ഹർഷിനയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളജ് അധികൃതർ പരാതി നല്‍കുകയായിരുന്നു.
അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ സൂപ്രണ്ടിന് പരാതി നല്‍കുകയും സൂപ്രണ്ട് പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.
Also read : യുവതിയുടെ വയറ്റിൽ കത്രിക മറന്ന സംഭവം; ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളജ്