കോഴിക്കോട് : സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷെജിനും നഴ്‌സായ ജോത്സ്നയും തമ്മിലുള്ള മിശ്രവിവാഹത്തെ ചൊല്ലി വിവാദം. മുസ്‌ലിം സമുദായക്കാരനായ ഷെജിൻ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്‌തതോടെയാണ് 'ലൗവ് ജിഹാദ്' ആരോപണം ഉയര്‍ന്നത്. ശനിയാഴ്ച വൈകിട്ടാണ് ഷെജിന്‍ എം.എസിനോടൊപ്പം കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജ്യോത്സ്ന ജോസഫ് സ്വമേധയാ വീടുവിട്ടിറങ്ങിയത്.
യുവതിയെ കാണാതായത് മൂന്ന് ദിവസം : സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായാണ് രണ്ടാഴ്‌ച മുൻപ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്തുപോയ യുവതി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയുമുണ്ടായി.
സ്വമേധയാ യുവാവിനൊപ്പം ഇറങ്ങിത്തിരിച്ചുവെന്നാണ് യുവതി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. എന്നാല്‍, സമ്മര്‍ദത്തിന് വഴങ്ങിയാണ് ജ്യോത്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സ്നയുമായി ഒളിവില്‍ കഴിയുന്നതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ജ്യോത്സ്നയെ കണ്ടെത്താൻ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
'പ്രണയം പാര്‍ട്ടിയെ അറിയിക്കാമായിരുന്നു': ചൊവ്വാഴ്‌ച രാവിലെ കോടതിയിൽ ഹാജരായ ദമ്പതികൾ മാതപിതാക്കൾക്കൊപ്പം പോകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി. ഇതേതുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയച്ചു. അതേസമയം ഷെജിന്‍റെ നടപടിയെ സി.പി.എം തളളിപ്പറഞ്ഞു. ഇവർ വിവാഹം ചെയ്‌ത നടപടി ശരിയല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ് വ്യക്തമാക്കി.
ലവ് ജിഹാദ് എന്നത് ഇപ്പോഴും യാഥാര്‍ഥ്യമാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥിനികളെ ലവ് ജിഹാദിൽ കുടുക്കുന്നുണ്ട്. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയെ അറിയിക്കണമായിരുന്നു.
അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് ഷെജിൻ സംസാരിച്ചിട്ടില്ല. ക്രൈസ്‌തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയത്. വിഷയം പാർട്ടിയിൽ ചർച്ച ചെയ്‌ത് ഷെജിനെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് സി.പി.എം ഒരുങ്ങുന്നത്.