കോഴിക്കോട്: ജില്ലയിൽ പശുക്കൾക്കിടയിൽ പകർച്ചവ്യാധികൾ പടരുന്നു. തൈലേറിയ, ചുവപ്പ് ദീനം തുടങ്ങിയ രോഗങ്ങളാണ് ക്ഷീരകർഷകർക്ക് ഭീഷണിയാകുന്നത്. കോഴിക്കോട് ജില്ലയിലെ ഓരോ പഞ്ചായത്തിലും ദിവസേന പത്തോളം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞമാസം ജില്ലാ മൃഗാശുപത്രിയിൽ 70 തൈലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന സങ്കരയിനം പശുക്കൾക്ക് ഇടയിലാണ് രോഗം വ്യാപിക്കുന്നത്. ക്ഷീരവികസന വകുപ്പ് സബ്‌സിഡി നൽകുന്നതിനാൽ മിൽക്ക് ഷെഡ് പദ്ധതിയിലൂടെ ആയിരക്കണക്കിന് പശുക്കളാണ് ഓരോ വർഷവും തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.
5 ലക്ഷം രൂപയ്ക്ക് പശുവിനെ വാങ്ങിയാൽ രണ്ട് ലക്ഷം രൂപ സബ്‌സിഡി ലഭിക്കുമെന്നതിനാല്‍ നിരവധി പേരാണ് ഡയറിഫാം ആരംഭിച്ചത്. എന്നാൽ പശുക്കൾ കൂട്ടത്തോടെ ചാവുന്നത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. കുളമ്പുരോഗവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വയറിളക്കവും പനിയും പശുക്കൾക്ക് ഇടയില്‍ പടരുന്നുണ്ട്.
തൈലേറിയക്ക് പ്രതിരോധ കുത്തിവെപ്പ് ഇല്ലാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. 3 ഡോസ് മരുന്നാണ് രോഗത്തിന് നൽകുന്നത്. ഒരു ഡോസിനു 1,500 രൂപയാണ്. ഡോക്ടറെ വീട്ടിൽ കൊണ്ടുവരുന്നതിന് മറ്റുമുള്ള ചെലവ് വേറെയും.
3 ഡോസ് മരുന്ന് കുത്തി വയ്ക്കുമ്പോള്‍ പതിനായിരം രൂപ ചെലവാകും. സർക്കാർ ആശുപത്രികളിൽ ഇതിനുള്ള മരുന്ന് വളരെ കുറച്ച് മാത്രം ഉള്ളതിനാൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ വലിയ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ.
ഉല്‍പ്പാദന ചിലവിന് അനുസരിച്ച് പാലിന് വില കിട്ടുന്നില്ലെന്നും ക്ഷീരകര്‍കര്‍ പറയുന്നു. കാലിത്തീറ്റയ്ക്ക് അടിക്കിടെ വില കൂടുന്നതാണ് ഉല്‍പ്പാദന ചിലവ് വര്‍ധിക്കാന്‍ പ്രധാന കാരണം. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
ALSO READ: സ്വര്‍ണം പവന് 800 രൂപ കൂടി; രണ്ട് വര്‍ഷത്തിനിടെ ഇതാദ്യം