കോഴിക്കോട്: വാണിമേല്‍ പരപ്പ്പാറയില്‍ മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ച കേസില്‍ പ്രതികൾ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. താഴെ നരിപ്പറ്റ കക്കൂഴി പീടിക സ്വദേശി സിറ്റി ഹമീദിന്‍റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 എച്ച് 8888 നമ്പര്‍ ഇന്നോവ കാറാണ് കസ്റ്റഡിയില്‍ എടുത്തത്. വളയം എസ് ഐ ആര്‍ സി ബിജുവും സംഘവും കേസില്‍ അറസ്റ്റിലായ പ്രതിയുടെ സാന്നിധ്യത്തില്‍ ഹമീദിന്‍റെ വീട്ടില്‍ നിന്നാണ് കാർ കണ്ടെടുത്തത്.
അതേസമയം കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മുഹമ്മദലിയെ രാവിലെ 11മണിയോടെ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. എസ് ഐയുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ച സംഭവം പ്രതി പൊലീസുകാര്‍ക്ക് കാണിച്ച് കൊടുത്തു. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളുടെ താവോട്ട് മുക്കിലെ താമസ സ്ഥലത്തെത്തിച്ചും തെളിവെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടര്‍ തിരിച്ചറിഞ്ഞതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.