കോഴിക്കോട്: ഓരോ തവണയും മകളുടെ മനസ് കൈവിട്ട് പോകുമ്പോൾ കോഴിക്കോട് എരഞ്ഞിപ്പലത്ത് സിഡിഎ കോളനിയില്‍ താമസിക്കുന്ന അജിത ഉറക്ക ഗുളിക തെരയും. ഗുളിക കിട്ടിയാല്‍ മകളേക്കാൾ ആശ്വാസം അജിതയ്ക്കാണ്. കാരണം മനസിന്‍റെ നില നഷ്ടമാകുമ്പോഴെല്ലാം അശ്വിനി അക്രമാസക്തയാകും. വീട്ടിലെ പാത്രങ്ങളും ഉപകരണങ്ങളുമെല്ലാം തല്ലിത്തകർക്കും.
പെരുവഴിയാശ്രയം
ഇനി തല്ലിത്തകർക്കാൻ വീടില്ല. ഇപ്പോൾ താമസിക്കുന്ന വാടക വീട് ഉടമ വില്‍ക്കുകയാണ്. 13 ലക്ഷം നല്‍കിയാല്‍ ഇപ്പോൾ താമസിക്കുന്ന സിഡിഎ കോളനിയിലെ ഇസഡ്‌ബ്ളിയു 27-ാം നമ്പർ വീട് ഇവർക്ക് നല്‍കാമെന്ന് ഉടമ സമ്മതിച്ചിട്ടുണ്ട്. തുച്ഛമായ വിധവ പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്ന അജിതയ്ക്ക് വാടക നല്‍കാൻ പോലും ചിലപ്പോൾ പണം തികയാറില്ല. മാനസിക അസ്വാസ്ഥ്യമുള്ള മകൾക്ക് സുരക്ഷിതയായിരിക്കാൻ അടച്ചുറപ്പുള്ള വീട് എന്നത് ഈ അമ്മയ്ക്ക് എന്നും സ്വപ്‌നം മാത്രമാണ്.
മരണം വരെ ദു:ഖം മാത്രമോ?
അനാഥാലയത്തിൽ നിന്നും വരണമാല്യം ചാർത്തുമ്പോൾ ജീവിതത്തില്‍ പുതിയ വെളിച്ചവും സന്തോഷവും അജിത പ്രതീക്ഷിച്ചിരുന്നു. പക്ഷേ മകളെയും തന്നെയും തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞ ഭർത്താവ് പ്രകാശൻ അജിതയെ വീണ്ടും വലിയ ദു:ഖത്തിലേക്കാണ് തള്ളിവിട്ടത്. മകൾ അശ്വിനിയുടെ മാനസിക നില ചികിത്സിച്ചു മാറ്റാൻ കഴിയില്ലെന്നാണു ഡോക്ടർമാർ പറയുന്നത്. അശ്വിനിയെ വർഷങ്ങളായി വീട്ടിൽ തന്നെ അടച്ചിടുകയാണ്.
ജീവിത വഴിയില്‍ അജിത എവിടെയും വെളിച്ചം കണ്ടിട്ടില്ല. സ്വന്തമായി അടച്ചുറപ്പുള്ള വീട്, മകൾക്കായെങ്കിലും അജിത അത് ആഗ്രഹിക്കുന്നുണ്ട്. ആരുമില്ലാത്തവർക്ക് ദൈവമെങ്കിലും കൂട്ടിനുണ്ടാകും എന്ന വിശ്വാസത്തിലാണ് ഈ അമ്മയുടെ ഓരോ ദിവസവും കടന്നുപോകുന്നത്.