കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചത് മരുന്നിന്‍റെ പാർശ്വഫലത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരുന്ന് കുത്തിവച്ചതിന് പിന്നാലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. മരുന്ന് മാറി നൽകിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് കൂടി വന്നാൽ മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂ.
കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് ബുധനാഴ്‌ച പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന് പിന്നാലെ മരിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുത്തിവയ്പ്പ് എടുത്തയുടൻ മരിക്കുകയായിരുന്നു. ചികിത്സ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.