കോഴിക്കോട്/ദുബൈ: 'ഗാന്ധിജിക്കും നെഹ്റുവിനും നടക്കാതെ പോയ 'സെൽഫി' നിര്‍മിത ബുദ്ധിയിലൂടെ യാഥാർഥ്യമായി. ദുബായിൽ ജോലി ചെയ്യുന്ന വടക്കൻ പറവൂർ സ്വദേശി ജ്യോ ജോണ്‍ മുള്ളൂരാണ് ഇത് സാക്ഷാത്കരിച്ചത്. നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് തയ്യാറാക്കി ചിത്രകാരന്‍ ജ്യോ ജോണ്‍ മുള്ളൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ തരംഗവും വാർത്തയുമാകുന്നത്.
മൊബൈല്‍ ഫോണില്ലാത്ത കാലത്ത് ജീവിച്ചിരുന്ന പ്രമുഖര്‍ സെല്‍ഫിയെടുക്കുകയാണെങ്കില്‍ എങ്ങനെയുണ്ടാകും എന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുകയാണ് ജ്യോ ജോണ്‍. ഗാന്ധിജി, നെഹ്റു എന്നിവർക്ക് പുറമെ നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആര്‍ അംബേദ്‌കര്‍, മദര്‍ തെരേസ, കാറല്‍ മാര്‍ക്‌സ്, ഏണസ്റ്റോ ചെഗുവേര, ജോസഫ് സ്‌റ്റാലിൻ, അബ്രഹാം ലിങ്കൺ, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീൻ, മുഹമ്മദലി ജിന്ന, ബോബ് മാർലി തുടങ്ങിയവരാണ് സെൽഫി സീരീസില്‍ ഇടംപിടിച്ചത്.
Also Read: മതമൈത്രിയുടെ പ്രതീകം ; 150 വര്‍ഷം പിന്നിട്ട് പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രല്‍
'എന്‍റെ പഴയ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുത്തപ്പോള്‍ പണ്ടുകാലത്തെ സുഹൃത്തുക്കള്‍ എനിക്ക് അയച്ച സെല്‍ഫികളുടെ ഒരു ശേഖരം കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ജ്യോ പങ്കുവച്ചിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് പുതിയ സാങ്കേതിക വിദ്യയില്‍ ചിത്രകാരന്‍ സൃഷ്‌ടിച്ചിരിക്കുന്നത്. ലോകപ്രശസ്തരായവരുടെ ചിത്രങ്ങൾ മിക്‌സ് ചെയ്‌തും വരച്ചുചേർത്തുമാണ് സെൽഫികൾ തയ്യാറാക്കിയത്.
‘മിഡ് ജേണി’ എന്ന എ.ഐ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയാറാക്കിയത്. ചിത്രങ്ങള്‍ റീപെയിന്‍റ് ചെയ്യാന്‍ ഫോട്ടോഷോപ്പും ഉപയോഗിച്ചു. മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് ഒരു ചിത്രം ഈ രൂപത്തിൽ തയ്യാറാക്കിയെടുക്കാനുള്ള സമയം. ഏത് സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ചിത്രങ്ങൾ തയ്യാറാക്കുക എന്നതിലാണ് ജോ ആനന്ദം കണ്ടെത്തുന്നത്.
17 വർഷമായി ദുബായിലുള്ള ഇദ്ദേഹം നേരത്തെയും പല പരീക്ഷണങ്ങൾ നടത്തി വാർത്തകളില്‍ ഇടം നേടിയിട്ടുണ്ട്. യുഎഇയിൽ പച്ചപ്പും മഞ്ഞും അടക്കം വന്നാൽ എങ്ങിനെയിരിക്കും എന്ന് അവതരിപ്പിച്ച ചിത്രങ്ങൾ സിഎൻഎൻ വരെ റിപ്പോർട്ട് ചെയ്‌തിരുന്നു. സിനിമാതാരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങളും മെസിയുടെ ബാല്യവും നിയാണ്ടര്‍താല്‍ മനുഷ്യനും എല്ലാം ഇതിലെ വേറിട്ട അധ്യായങ്ങൾ ആയിരുന്നു. ഡിംബിൾ ആണ് ജ്യോ ജോണിൻ്റെ ഭാര്യ. എട്ട് വയസ്സുകാരി ജൊവാനയാണ് മകള്‍.