കോഴിക്കോട് : ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം. ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടനയുടെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ടൗൺഹാളിന് സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ആറ് മുസ്ലിം സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടന്നത്. യുക്തിവാദി എം ഫൗസിയയുടെ നേതൃത്വത്തിലായിരുന്നു ഇത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഹിജാബ് കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം അരങ്ങേറുന്നത്. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ലോകത്തിന്‍റെ പലഭാഗത്തും പിന്തുണ ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഐക്യദാർഢ്യ സമരം നടന്നത്.
ഇറാനിയൻ യുവതി 22കാരിയായ മഹ്‌സ അമിനിയുടെ ദാരുണ കൊലയെ തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് ധരിച്ചിരുന്നെങ്കിലും മഹ്സയുടെ തലമുടി അല്‍പം പുറത്തുകണ്ടു എന്നാരോപിച്ച് പൊലീസ് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയിരുന്നു. ഇതിന് പിന്നാലെ സെപ്‌റ്റംബര്‍ 16ന് മഹ്‌സ മരണത്തിന് കീഴടങ്ങി. ഇതോടെ ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.