കോഴിക്കോട് : സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത് കമ്മിഷനെയല്ല കമ്മിറ്റിയെയാണെന്ന് അറിയുന്നത് ഇപ്പോഴാണെന്ന് ഡബ്ല്യുസിസി. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡബ്ല്യുസിസി അംഗങ്ങള്‍.
അതേസമയം ആ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി. എന്‍ക്വയറി കമ്മിഷന്‍ ആക്‌ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല അത്. അതിനാല്‍ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ലെന്നും സതീദേവി പറഞ്ഞു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നിയമനിര്‍മാണം ആവശ്യമാണ്. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും പി.സതീദേവി പറഞ്ഞു.
എന്നാല്‍ ഇനിയും കാത്തിരിക്കാൻ സമയമില്ലെന്നും റിപ്പോർട്ടിൻ്റെ ഉള്ളടക്കം സർക്കാർ പുറത്ത് വിടണമെന്നും ദീദി ദാമോദരൻ ആവശ്യപ്പെട്ടു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് നേരത്തേ കൈമാറുകയും ചെയ്‌തതാണ്. എന്നിട്ടും പുറത്ത് വിടാത്തതിലും സർക്കാർ തുടർ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാക്കാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം.
Read More: 'ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇടപെടണം' ; വനിത കമ്മിഷനെ സമീപിച്ച് ഡബ്ല്യുസിസി
2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതി മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 'കാസ്റ്റിങ് കൗച്ച്' സിനിമാ വ്യവസായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
കമ്മിറ്റിക്കുവേണ്ടി ഒരു കോടിയിലേറെ രൂപ ചെലവാക്കിയതിനെതിരെയും വലിയ വിമർശനം ഉയർന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് അത് വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയാണ് സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങൾ.