കോഴിക്കോട് : ഭക്ഷണം കഴിക്കാതെ, സൂര്യനില്‍നിന്നുള്ള ഊര്‍ജം ശേഖരിച്ചാണ് ജീവിക്കുന്നതെന്ന് അവകാശപ്പെട്ട ഹീര രത്തന്‍ മനേക് അന്തരിച്ചു. സൂര്യോപാസനായജ്ഞത്തിന്‍റെ പ്രചാരകനും ഗുജറാത്തി വ്യവസായിയുമായ അദ്ദേഹത്തിന് 84 വയസുണ്ടായിരുന്നു. കോഴിക്കോട് ചക്കോരത്തുകുളത്തെ ഫ്ലാറ്റിലായിരുന്നു അന്ത്യം.
1995 മുതല്‍ താന്‍ സൗരോർജവും വെള്ളവും മാത്രമുപയോഗിച്ചാണ് ജീവിക്കുന്നതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. നാസ 2002 ജൂലായ് മുതൽ നവംബർ വരെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ച് പഠനവിധേയമാക്കിയിരുന്നു. ബഹിരാകാശ ഗവേഷണത്തിന് മനുഷ്യർ പോകുമ്പോൾ ഹീര രത്തന്‍റെ ജീവിത സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്നതായിരുന്നു ആ പഠനം.
1992 മുതൽ പൂർണമായും സൂര്യോപാസകന്‍
സൂര്യനിൽ നിന്നുള്ള ഊർജം സ്വീകരിച്ചാൽ ശരീരം ഒരു ചിപ്പായി പ്രവർത്തിക്കുമെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്. സൂര്യോപാസനയിലൂടെ ലഭിക്കുന്ന ഊർജത്തിലൂടെ ഭക്ഷണമില്ലാതെ വെള്ളം മാത്രം കുടിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്നും മനേക് പറഞ്ഞിരുന്നു. മനേക് ജനിച്ചതും വളർന്നതും കോഴിക്കോടാണ്. ഗുജറാത്തിലെ കച്ചിലായിരുന്നു കുടുംബം.
കപ്പൽ ബിസിനസുകാരനായ ഇദ്ദേഹം 1962-ൽ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദർശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന്, താത്പര്യം തോന്നിയതോടെ സൂര്യനെ ധ്യാനിക്കാൻ തുടങ്ങുകയായിരുന്നു. 1992-മുതൽ പൂർണമായും സൂര്യോപാസകനായി മനേക് മാറി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്‌തമിക്കുന്നതിന് ഒരുമണിക്കൂർ മുന്‍പും നഗ്നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ സൂര്യോപാസന.
കോഴിക്കോട് 213 ദിവസം ഉപവാസം
'ആരംഭത്തിൽ കുറച്ച് സെക്കൻഡുകൾ മാത്രമേ നോക്കാൻ പാടുള്ളൂവെങ്കിലും ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വർധിപ്പിക്കാം. ഒന്‍പതുമാസമാവുമ്പോഴേക്കും ശരീരം ഊർജ സംഭരണിയാകും. വിശപ്പില്ലാതാവുകയും ഇതോടെ ഭക്ഷണം ഉപേക്ഷിക്കാനുമാവു'മെന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. 1995 ജൂൺ മാസത്തിൽ, ഡോ. സി.കെ. രാമചന്ദ്രന്‍റെ മേൽനോട്ടത്തില്‍ കോഴിക്കോട്ട് 213 ദിവസം ഉപവാസം അനുഷ്‌ഠിച്ചിരുന്നു.
സൂര്യദർശനം നടത്തിയും ദാഹിക്കുമ്പോൾ വെള്ളവും കുടിച്ചുമായിരുന്നു പരീക്ഷണം നടത്തിയത്. അഹമ്മദാബാദിൽ 2000 ജനുവരി ഒന്നുമുതൽ 2001 ഫെബ്രുവരി 15 വരെ 411 ദിവസം തുടർച്ചയായി ഉപവാസം നടത്തി. ദീർഘ ഉപവാസം വലിയ വാർത്തയായതോടെ മനേക് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഐ.എം.എയുടെ അന്നത്തെ ഷിയായുടെ നേതൃത്വത്തിലുള്ള 21 ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു രണ്ടാം പരീക്ഷണം നടന്നത്.
യൂറോപ്പ്, അമേരിക്കയടക്കം നിരവധിയിടങ്ങള്‍ സന്ദര്‍ശിച്ചു
പെൻസിൽവാനിയ, തോമസ് ജെഫേഴ്‌സണ്‍ സർവകലാശാലകളുടെ ക്ഷണമനുസരിച്ച് മനേക് അമേരിക്കിയിലെത്തി പ്രഭാഷണപരമ്പരകൾ നടത്തുകയും നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍റര്‍ സന്ദർശിക്കുകയുമുണ്ടായി. നാസ, മനേകിനെ അംഗീകരിച്ചെങ്കിലും തുറന്ന് പറയാൻ തയ്യാറായില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബഹിരാകാശയാത്രികർ സൂര്യോപാസന പരിശീലിക്കുന്നത് ഭക്ഷണമില്ലാതെ കൂടുതൽക്കാലം ബഹിരാകാശത്ത് കഴിയാൻ അവരെ സഹായിക്കുമെന്നായിരുന്നു മനേകിന്‍റെ അഭിപ്രായം.
വിവിധയിടങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുമുണ്ട്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ അനേകം ശിൽപ്പശാലകളിൽ പങ്കെടുത്തു. മനേകിന്‍റെ സംരംഭത്തിന്‍റെ അന്നത്തെ ആസ്ഥാനം ഫ്ളോറിഡയിലായിരുന്നു. അമ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ അംഗീകാരം ലഭിച്ച സൂര്യദർശനത്തിന് ഇന്ത്യയിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്ന പരിഭവം അദ്ദേഹം മുന്‍പ് പങ്കുവച്ചിരുന്നു.
ALSO READ l മുല്ലപ്പെരിയാർ: കക്ഷി ചേരാൻ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി ഡീൻ കുര്യാക്കോസ്