കോഴിക്കോട് : ജില്ലയുടെ കിഴക്കൻ മേഖലയിലും മലയോരത്തും കനത്ത മഴ. കുറ്റ്യാടി പൂതംപാറ പരപ്പുപാലത്തിന് സമീപം മലയിൽ ഉരുൾ പൊട്ടി. മലഞ്ചെരിവിലുള്ള പ്രദേശങ്ങളിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലിൽ അടിവാരം ടൗണിൽ വെള്ളം പൊങ്ങി. നഗരത്തിലെ പല കടകളിലും വെള്ളം കയറി.
കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളും വെള്ളത്തിനടിയിലായി.അതേസമയം, കോഴിക്കോട് നഗരത്തിലും കുറ്റ്യാടി മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് വെള്ളം പൊങ്ങുന്നുണ്ട്.
Also Read: കള്ളപ്പണം വെളുപ്പിക്കൽ : വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ
അടിവാരം ടൗണിൽ വെള്ളക്കെട്ടുണ്ടായതോടെ കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്. തൊട്ടിൽപ്പാലം-വയനാട് ചുരം റോഡ് പലയിടത്തും തകർന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.