കോഴിക്കോട്: കനത്ത മഴയില്‍ നാദാപുരം മേഖലയില്‍ ലക്ഷങ്ങളുടെ നാശ നഷ്ടം. തൂണേരി, വാണിമേല്‍ ഈയ്യങ്കോട്, വിലാതപുരം ഭാഗങ്ങളിലാണ് കാറ്റും,മഴയും കന്നത്ത നാശം വിതച്ചത്. മരങ്ങള്‍ കട പുഴകി വീണ് വിലാതപുരത്തും, തൂണേരിയിലും അഞ്ച് ഇലക്ട്രിക്ക് പോസ്ററുകളും, പയന്തോങ്ങില്‍ ഒരു പോസ്റ്റും തകര്‍ന്നു.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് ലൈനുകള്‍ തകരാറിലായി. ഇലക്ട്രിസിറ്റി ജീവനക്കാര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ നാമ മാത്രമായ ജീവനക്കാര്‍ ഏറെ പ്രയാസപ്പെട്ടാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. മേഖലയില്‍ കൊവിഡ് രോഗികള്‍ക്കായുളള ഡിസിസിയും, എഫ്എല്‍ടിസിയും പ്രവര്‍ത്തിക്കുന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് വൈദ്യുതി പുനസ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വാണിമേലില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച കിണര്‍ മണ്ണിനടിയിലേക്ക് താഴ്ന്നു. കിടഞ്ഞോത്ത് മൊട്ടേമ്മല്‍ അശോകന്‍റെ വീട്ട് പറമ്പിലെ കിണറാണ് ഞായറാഴ്ച്ച പുലര്‍ച്ചെ ഇടിഞ്ഞ് താഴ്ന്നത്. ചെങ്കല്ല് കൊണ്ട് കെട്ടിയ പടവുകള്‍ ഏഴ് മീറ്ററോളം താഴ്ച്ചയിലേക്ക് പതിച്ചു. തൂണേരി പത്താം വാര്‍ഡില്‍ കീച്ചേരി കുഞ്ഞിരാമന്‍റെ വീടിനോട് ചേര്‍ന്ന കിണറും ഇടിഞ്ഞ് താഴ്ന്നു. 24 അടിയോളം താഴ്ച്ചയുള്ള പ്രദേശവാസികളുടെ ആശ്രയമായിരുന്ന കിണറാണ് മണ്ണിനടിയിലേക്ക് താഴ്ന്ന് പോയത്.
READ MORE: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കല്ലാച്ചി ഈയ്യങ്കോട് കുറ്റിയില്‍ പ്രകാശന്‍റെ ചെങ്കല്ലില്‍ നിര്‍മ്മിച്ച ചുറ്റു മതില്‍ തകര്‍ന്ന് സമീപത്തെ വീടിന്‍റെ ചുമരില്‍ പതിക്കുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. വീടിനോട് ചേര്‍ന്ന കുളിമുറിയും പൂര്‍ണമായി തകര്‍ന്നു.