കോഴിക്കോട്: ഹർഷിനയുടെ (Harshina) വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നേര്‍ക്കുനേര്‍ പോരിനൊരുങ്ങി പൊലീസും ആരോഗ്യ വകുപ്പും. അന്വേഷണ റിപ്പോർട്ട് തള്ളിയ ജില്ല മെഡിക്കൽ ബോർഡിൻ്റെ തീരുമാനത്തിനെതിരെ പൊലീസ് അപ്പീൽ നൽകും. സംസ്ഥാന മെഡിക്കൽ ബോർഡിന് ഓഗസ്റ്റ് 14-നാണ് പൊലീസ് അപ്പീൽ നൽകുക.
ജില്ലാതല മെഡിക്കൽ ബോർഡ് തീരുമാനത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് (Veena George) നിയമസഭയിൽ തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഇതിന്, പിന്നാലെയാണ് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനുള്ള അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അതിനിടെ, പൊലീസ് റിപ്പോര്‍ട്ട് തള്ളിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി.
മെഡിക്കല്‍ ബോര്‍ഡിലേക്ക് ആദ്യം നിശ്ചയിച്ചിരുന്ന റേഡിയോളജിസ്റ്റിനെ മാറ്റി മറ്റൊരാളെ ഉള്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഹർഷിയുടെ ആരോപണം. ഇതേ ആരോപണം ഉന്നയിച്ച് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനും ഹർഷിന അപ്പീല്‍ നല്‍കും. നീതി തേടി ഹര്‍ഷിന മെഡിക്കല്‍ കോളജിനുമുന്നില്‍ നടത്തുന്ന സമരം ഇന്ന് 83–ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റും. ഇതിൻ്റെ സൂചനയായി ഓഗസ്റ്റ് 16ന് ഒരു ദിവസത്തെ സമരമിരിക്കും.
സംഭവത്തിലെ പൊലീസ് റിപ്പോര്‍ട്ട്: കേഴിക്കോട് മെഡിക്കല്‍ കോളജില്‍ (Kozhikode MCH) നടത്തിയ ശസ്‌ത്രക്രിയയില്‍ ആയിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന കണ്ടെത്തലിലായിരുന്നു അന്വേഷണത്തിനൊടുവില്‍ പൊലീസ് എത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ചായിരുന്നു ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവം നടന്നത്. ഇതിനിടെയായിരുന്നു ഇവരുടെ വയറ്റില്‍ കത്രിക കുടുങ്ങിയ് എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
പ്രസവത്തിന് മാസങ്ങള്‍ക്ക് മുന്‍പായി കൊല്ലത്ത് വച്ച് നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹ സാന്നിധ്യം കണ്ടെത്താന്‍ കഴിയാതിരുന്നതാണ് പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവത്തില്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഹര്‍ഷിനയ്‌ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് 2017 നവംബര്‍ 30നായിരുന്നു ശസ്‌ത്രക്രിയ നടന്നത്. ഇതിന് ശേഷം തുടര്‍ച്ചയായി വേദന അനുഭവപ്പെടാന്‍ തുടങ്ങിയതിന് പിന്നാലെ ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ സിടി സ്‌കാനിങ് പരിശോധനയ്‌ക്ക് വിധേയയായി. ഈ പരിശോധനയിലാണ് മൂത്രസഞ്ചിയില്‍ തറച്ച് നില്‍ക്കുന്ന നിലയില്‍ കത്രിക കണ്ടെത്തിയത്.
മൂത്ര സഞ്ചിയില്‍ കത്രിക കുത്തിനിന്നതിനെ തുടര്‍ന്ന് മുഴയും ഉണ്ടായിരുന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക ആയിരുന്നു ഹര്‍ഷിനയുടെ വയറ്റിനുള്ളില്‍ കുടുങ്ങിയത്. വേദന മാറാന്‍ ഇവര്‍ പല സ്ഥലങ്ങളിലും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്‌ത്രക്രിയയില്‍ ആയിരുന്നു കത്രിക പുറത്തെടുത്തത്.
Read More : ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; പൊലീസ് റിപ്പോര്‍ട്ട് തള്ളി ജില്ല മെഡിക്കല്‍ ബോര്‍ഡ്, തെളിവില്ലെന്ന് വാദം