കോഴിക്കോട് : ഹരിത വിഷയത്തില്‍ മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം ആത്മവിശ്വാസവും സന്തോഷവും നല്‍കുന്നതെന്ന് മുന്‍ എംഎസ്‌എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. ഞങ്ങള്‍ പറഞ്ഞത് നൂറുശതമാനം സത്യമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടുവെന്നും ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ശബ്‌ദ രേഖ പുറത്ത് വന്നതിന് പിന്നാലെ ലത്തീഫ് തുറയൂര്‍ പ്രതികരിച്ചു.
അതേസമയം പിഎംഎ സലാമിന്‍റേത് വഞ്ചിക്കുന്ന നിലപാടാണ്. സലാം ജനാധിപത്യ വിരുദ്ധമായാണ് മുന്നോട്ടുപോകുന്നത്. അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്നും പുറത്താക്കപ്പെട്ട എംഎസ്‌എഫ് നേതാക്കള്‍ ആരോപിച്ചു.
Also Read: 'നവാസ് വന്ന വഴി ശരിയല്ല, പുറത്താക്കണം' ; ഹരിത വിവാദത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ശബ്‌ദരേഖ പുറത്ത്
നേതാക്കളെ മോശമാക്കി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊക്കെ പൊന്നാനി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള അടവാണ്. യുഡിഎഫും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. എആര്‍ നഗര്‍ ബാങ്കില്‍ പൊളിറ്റിക്കല്‍ സെറ്റില്‍മെന്‍റ് നടന്നിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും കൂടിക്കാഴ്‌ച നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടത് പിഎംഎ സലാമാണെന്നും നേതാക്കള്‍ ആരോപിച്ചു.