കോഴിക്കോട് : ഹാസ്യതാരം ഹരീഷ് കണാരൻ ആദ്യമായി നായകനാകുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. 'ഉല്ലാസപ്പൂത്തിരികൾ' എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളും ഹരീഷ് തന്നെയാണ്. പഞ്ചായത്ത് ജീവനക്കാരനായ ഉല്ലാസിൻ്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. നായകനാകാൻ താൽപര്യമില്ലായിരുന്നെന്നും തൻ്റെ ആകാരത്തിന് പറ്റിയ കഥയായതുകൊണ്ടാണ് വേഷം സ്വീകരിച്ചതെന്നും ഹരീഷ് കണാരൻ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
'വന്നുചേരുന്നതെല്ലാം നല്ല വേഷങ്ങൾ'
സിനിമയിൽ നായകനായതുകൊണ്ട് മുന്നോട്ടുള്ള വഴികളിൽ സെലക്‌ടീവാകാൻ ഉദ്ദേശിക്കുന്നില്ല. സിനിമ എൻ്റെ തൊഴിലാണ്, വന്നുചേരുന്ന വേഷങ്ങളൊക്കെ ചെയ്യാൻ ശ്രമിക്കും. ഇന്നതേ ചെയ്യൂ എന്ന പിടിവാശിയില്ല. നായകനായ ശേഷവും അവാർഡ് കിട്ടിയതിന് ശേഷവും സെലക്‌ടീവ് ആയവർ ഉണ്ടാവാം. അത് അവർക്ക് നല്ലതായിരിക്കും. താൻ അങ്ങിനെയാവാൻ തീരുമാനിച്ചിട്ടില്ല. ഭാഗ്യം കൊണ്ടാവാം, വന്നുചേരുന്നതെല്ലാം നല്ല വേഷങ്ങൾ ആണെന്നും ഹരീഷ് കണാരൻ പറഞ്ഞു.
ഏത് രംഗത്തും ആവശ്യമായ മാറ്റം വരുത്താൻ വലിയ സംവിധായകർ അടക്കം അനുമതി തരാറുണ്ട്. കാത്തുസൂക്ഷിച്ച് പോരുന്ന നല്ല ബന്ധങ്ങളിൽ നിന്നാണ് വീണ്ടും വീണ്ടും സിനിമ ചെയ്യാൻ സാധിക്കുന്നത്. ആരെയും വിളിച്ച് ശല്യം ചെയ്യാതെ റോളുകൾ കിട്ടുന്നത് അതുകൊണ്ട് തന്നെയാണ്. പല നർമ സംഭാഷണങ്ങളും ഡബ്ബിങ് സമയത്ത് കൂട്ടിച്ചേർത്ത സംഭവങ്ങൾ വരെയുണ്ട്. അതിനൊക്കെ നല്ല ചിരിയും കൈയടിയും ലഭിക്കുകയും ചെയ്‌തു.
'എം.എ യൂസഫലിയുടെ വാക്കുകള്‍ അംഗീകാരം'
'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയിൽ ഡബ്ബിങ് സമയത്ത് കൂട്ടിച്ചേർത്ത സംഭാഷണങ്ങൾ അടങ്ങുന്ന രംഗം പ്രമുഖ വ്യവസായി എം.എ യൂസഫലി കട്ട് ചെയ്‌ത് വാങ്ങിയ സംഭവം വരെയുണ്ടായി. അദ്ദേഹത്തിന് സങ്കടം വരുമ്പോൾ ആ രംഗമാണ് കാണാറുള്ളതെന്നും അതൊരു അംഗീകാരമാണെന്നും ഹരീഷ് കണാരൻ പറഞ്ഞു.
സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഒരിക്കലും അവസരം തേടിപ്പോയിട്ടില്ല. സ്റ്റേജ് പ്രോഗ്രാമുകൾ കണ്ട് വന്നുചേർന്നതാണ്.
ടെൻഷനോടെയാണ് സിനിമയിൽ എത്തിയത്. സ്റ്റേജ് പ്രോഗ്രാം ചെയ്യാൻ ഇപ്പോഴും തയ്യാറാണ്. അതാണ് വന്ന വഴി, അത് മറക്കില്ല. കോഴിക്കോട്ടെ സ്റ്റേജ് കൂട്ടായ്‌മയിലെ എല്ലാ കലാകാരൻമാരെയും സിനിമയിൽ സജീവമാക്കാനാണ് താനും ശ്രമിക്കുന്നത്. ഭാഗ്യനിർഭാഗ്യങ്ങൾ ഇതിൽ വലിയ ഘടകമാണ്. എന്നാലും കലാരംഗത്ത് കോഴിക്കോടിൻ്റെ പെരുമ കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കും.
ALSO READ: കവിക്ക് മരണമില്ല, കവിതകൾക്കും... ഒഎൻവിയുടെ ഓർമകളില്‍ കൊച്ചുമകൾ അപർണ രാജീവ്
വ്യത്യസ്ഥമായ റോളുകൾ ചെയ്യാനും ശ്രമിക്കുന്നുണ്ട്. അടുത്ത് ചിത്രീകരണം തുടങ്ങാൻ പോകുന്ന സിനിമയിൽ ചിരിച്ച് കൊണ്ട് കഴുത്തറുക്കുന്ന ഒരു കഥാപാത്രമായി വരുന്നുണ്ട്. എന്നാൽ മറ്റ് പല വേഷങ്ങളും ചെയ്യുന്നതിൽ പരിമിതിയുണ്ട്. സാധാരണക്കാരനായി ചെറിയ പരിപാടികൾ ചെയ്‌ത് പോകാനാണ് എന്നും താത്‌പര്യം. അതുകൊണ്ട് കോഴിക്കോടൻ ഭാഷയും ഹാസ്യവും വിട്ട് ഒരു പരിപാടിക്കും ഇല്ലെന്നും സിനിമയിൽ വന്നതുതന്നെ വലിയ ഭാഗ്യമാണെന്നും ഹരീഷ് കണാരൻ കൂട്ടിച്ചേർത്തു.