കോഴിക്കോട്: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. ഒരു വര്‍ഷത്തിലേറെയായി സിനിമ മേഖല സ്‌തംഭിച്ചുനില്‍ക്കുകയായിരുന്നു. തൊഴിലാളികള്‍ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയത്. സ്‌തംഭിച്ചുനിന്ന അവസ്ഥയില്‍ തുറന്നുകിട്ടുന്നത് ചലച്ചിത്രരംഗത്ത് തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസമാകും.
ALSO READ: മിഴി തുറന്ന് ബിഗ് സ്ക്രീൻ, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍
സമാന വിഷയത്തില്‍ നടന്‍ ആസിഫ് അലിയും പ്രതികരിച്ചു. സിനിമകള്‍ തിയേറ്ററില്‍ ഇരുന്ന് കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകനാണ് താന്‍. തിയേറ്റര്‍ അനുഭവമാണ് ഒരു സിനിമയുടെ വിധി നിര്‍ണയിക്കുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്ത് കൈയ്യടിച്ചും വിസിലടിച്ചും സിനിമ കാണുന്നത് വലിയ സന്തോഷവും ആഹ്ളാദവും നല്‍കുന്നതാണെന്നും ആസിഫ് പറഞ്ഞു.
രഞ്ജിത്ത് സിബി മലയിൽ കൂട്ടുകെട്ടിൻ്റെ പുതിയ ചിത്രമായ കൊത്തിൻ്റെ ചിത്രീകരണം ചെട്ടിക്കടവിൽ പുരോഗമിക്കുകയാണ്. ഇതിനിടെയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍.