കോഴിക്കോട്: ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ
പലരും പറഞ്ഞു ഉള്ള സമ്പാദ്യം വെച്ച് എന്തെങ്കിലും ബിസിനസ് തുടങ്ങാം എന്ന്. എന്നാൽ നജീബിന്‍റെ മനസിൽ ബിസിനസ് എന്ന ആശയം ഒരിക്കലും കയറിക്കൂടിയിരുന്നില്ല. പച്ചപ്പണിഞ്ഞ കാർഷിക മനസായിരുന്നു നജീബിലുള്ളത്.
ആ മനസുമായി മണ്ണിൽ കഠിനാധ്വാനം ചെയ്‌തപ്പോൾ ഇന്ന് വാഴക്കാട്ടെ വിവിധയിടങ്ങളിലുള്ള ഒൻപത് ഏക്കറോളം ഭൂമിയില്‍ പലവിധം പച്ചക്കറികളും നെല്ലും തഴച്ചു വളരുകയാണ്. മലപ്പുറം ജില്ലയിലെ വാഴക്കാട് മുണ്ടുമുഴി സ്വദേശിയാണ്
കൊട്ടക്കാട്ട് മേത്തൽ നജീബ്. കഴിഞ്ഞ ആറു വർഷമായി കൃഷിയാണ് നജീബിന്‍റെ ലോകം.
വിവിധയിനം നെല്ലു നാല് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. അതിൽ തന്നെ അപൂർവയിനങ്ങളായ ബ്ലാക്ക് ജാസ്മിനും രക്തശാലിയും ഉൾപ്പെടും. എല്ലാത്തരം പച്ചക്കറികളും സമൃദ്ധമായി വിളഞ്ഞു നിൽക്കുകയാണ് വയലിനടുത്തു തന്നെയുള്ള അഞ്ച് ഏക്കർ സ്ഥലത്ത്.
പച്ചമുളകും വഴുതനയുമാണ് നജീബിന്‍റെ കൃഷിയിടത്തെ ഏറെ സമൃദ്ധമാക്കുന്നത്. നിരവധി ഇനത്തിലും നിറങ്ങളിലുമുള്ള പച്ചമുളക് തോട്ടത്തിലെ മനോഹര കാഴ്ചയാണ്. വാഴകളും ചേമ്പും ചേനയും കപ്പയും
ധാരാളമുണ്ട് കൃഷിയിടത്തിൽ . കൂടാതെ പപ്പായ കൃഷിയും പച്ചക്കറി തോട്ടത്തെ വ്യത്യസ്തമാക്കുന്നു.
വാഴക്കാട് പഞ്ചായത്തിലെ ഏറ്റവും മികച്ച ഹൈബ്രിഡ് തോട്ടമാണ് നജീബിന്‍റെ കൃഷിയിടം.
23 വർഷത്തെ പ്രവാസ ജീവിതത്തിൽ ലഭിക്കാത്ത മാനസിക ഉല്ലാസമാണ് കൃഷിയിലൂടെ ലഭിച്ചതെന്നാണ് നജീബിന്‍റെ അഭിപ്രായം. എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നാണ് നജീബ് പറയുന്നത്.
മികച്ച വരുമാനത്തോടൊപ്പം മാനസിക ഉല്ലാസം ലഭിക്കുന്ന മറ്റൊരു ജോലിയും ഇല്ലെന്നാണ് നജീബിന്‍റെ അനുഭവസാക്ഷ്യം.
കൃഷിക്ക് പുറമേ കാർഷിക അറിവുകൾ പങ്കുവെക്കുന്നതിലും
മറ്റ് കർഷകർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിലും നജീബ് മുന്നിലുണ്ട്. കൂടാതെ സ്വന്തമായി ഉത്പാദിപ്പിക്കുന്ന ജൈവവളങ്ങളും നജീബ് എന്ന കർഷകനെ വ്യത്യസ്‌തനാക്കുന്നു.
Also Read : പേനയ്ക്ക് പകരം മൺവെട്ടിയുമായി പാടത്തേക്കിറങ്ങി വിദ്യാർഥികള്‍