കോഴിക്കോട്: കോടതി വരാന്തയിൽ വീണ്ടും മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു. പശ്ചിമഘട്ട കൊലയാളികളെ ശിക്ഷിക്കുക..., ഇൻക്വിലാബ് സിന്ദാബാദ്.., പശ്ചിമഘട്ട കൊലയാളികൾ മൂർദ്ദാബാദ്.. തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഗ്രോ വാസു കോടതിയിലേക്ക് കയറിയത്. കുന്ദമംഗലം കോടതിയിൽ വിചാരണക്ക് എത്തിച്ചപ്പോഴായിരുന്നു വാസുവിന്‍റെ പ്രതിഷേധം.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ പൊലീസിനെ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി താക്കീത് ചെയ്തിരുന്നു. കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കാന്‍ ആരേയും അനുവദിക്കരുതെന്നാണ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇനി ഇത് ആവര്‍ത്തിച്ചാല്‍ പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും മുദ്രാവാക്യം വിളി ഉയർന്നത്. എന്നാൽ വാസുവിന്‍റെ വായ അടപ്പിക്കാനോ, തൊപ്പികൊണ്ട് മറക്കാനോ പൊലീസ് ഇന്ന് മുതിർന്നില്ല.
ചതിയിലൂടെയാണ് കരുളായിലെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്ന് വാസു കോടതിയിൽ പറഞ്ഞു. പിണറായി വിജയൻ സർക്കാരാണ് ഇതിന് പിന്നിൽ. സാക്ഷിമൊഴി വായിച്ച് കേൾപ്പിച്ച കോടതി, എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു വാസുവിന്‍റെ മറുപടി. ഇന്നത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ കേസ് നാളെ വീണ്ടും പരിഗണിക്കും.
2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പ് വെക്കാന്‍ വാസു തയ്യാറായിരുന്നില്ല.
ജാമ്യം വേണ്ടെന്ന നിലപാടെടുത്തതോടെയാണ് വാസുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. റിമാൻഡ് കാലാവധി കഴിഞ്ഞ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോഴെല്ലാം നിലപാട് തുടർന്നിരുന്നു. കോടതിയുടെ നിർദ്ദേശ പ്രകാരം വിചാരണ നേരത്തെയാക്കിയ കേസിൽ നടപടികൾ തുടരുകയാണ്. അതിനിടെ ഗ്രോ വാസുവിനെതിരെ കേസെടുത്ത വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
ഗ്രോ വാസു: തൊഴിലാളി സംഘടന പ്രവർത്തകനും മനുഷ്യവകാശപ്രവർത്തകനുമാണ് മുൻ നക്സൽ നേതാവ് കൂടിയായ ഗ്രോ വാസു. തൊഴിലാളി പ്രസ്ഥാനമായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്. അയിനൂർ വാസു എന്നാണ് പൂർണ നാമം. പേരിനൊപ്പം ഗ്രോ എന്ന് വന്നതിന് പിന്നില്‍ തൊഴിലാളി സമരത്തിന്‍റെ ചരിത്രം കൂടിയുണ്ട്.
കോഴിക്കോട് മാവൂരിലെ ഗ്വാളിയോർ റയോൺസിലെ തൊഴിലാളി സംഘടനായ ഗ്വാളിയോർ റയോൺസ് വർക്കേഴ്‌സ് ഓർഗനൈസേഷൻ (Gwalior Rayons Workers Organisation (GROW). എന്നതിൻറെ ചുരുക്ക രൂപമാണ്. ഗ്രോ യുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ് എ. വാസു. മാവൂരിലെ തൊഴിലാളി സമയം വാർത്താ പ്രധാന്യം നേടിയതോടെ വാസു പിന്നീട് ഗ്രോ വാസു എന്നറിയപ്പെട്ടു.