കോഴിക്കോട്: നൂറാം വർഷത്തിലേക്ക് ചുവടുവെച്ച് ഗ്രേറ്റ് ബോംബെ സർക്കസ് തുടങ്ങി. അമ്പരപ്പിക്കുന്ന മെയ്‌വഴക്കവും കൃത്യതയോടെയുള്ള ചുവടുവെപ്പുമായി കലാകാരന്മാർ അണി നിരക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസ് കോഴിക്കോട് സരോവരം ബയോപാർക്കിന് മുൻപിലെ പി.വി.കെ ഗ്രൗണ്ടിലാണ് നടക്കുന്നത്. ഇന്ത്യൻ, ആഫ്രിക്കൻ, ചൈനീസ്, നേപ്പാൾ, ബംഗ്ലാദേശ് കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ചൈനീസ് റോൾ, അമേരിക്കൻ ലിം ബിങ് ബോർഡ്, റഷ്യൻ സ്പൈഡ് റിങ്, റഷ്യൻ ഡവിൾ ക്ലൗൺ, ബോൾ ത്രോ, യൂനി സൈക്കിവ്,ഹാറ്റ് ജഗ്ലിങ്,ഐകാരിയൻ, ബാലൻസിങ് ബോൾ തുടങ്ങിയ ശ്വാസമടക്കി പിടിക്കുന്ന തരത്തിലുള്ള അഭ്യാസങ്ങളാണ് കാണികളെ ത്രസിപ്പിക്കുന്നത്.
നാലുവർഷം മുമ്പാണ് ഗ്രേറ്റ് ബോംബെ സർക്കസ് കോഴിക്കോട് നടത്തിയത്. ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ആണ് കൂടുതലായും സർക്കസ് നടത്താറുള്ളത്. സർക്കസിൽ നിന്നും മൃഗങ്ങളെ വിലക്കിയെങ്കിലും കാണികൾക്ക് ഇപ്പോഴും സർക്കസിനോട് താല്‍പര്യമുണ്ട്. നേപ്പാൾ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ മാസ്മരിക പ്രകടനവും അക്രോബാറ്റ്, ബാംബൂ ബാലൻസ് എന്നീ അഭ്യാസ പ്രകടനങ്ങളും മറ്റ് സർക്കസിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു എന്ന് മാനേജർ കെ.പി ഉണ്ണി പറഞ്ഞു. ഇനി ഒരു മാസം അത്ഭുതത്തിൻ്റെ കൗതുക കാഴ്ചയൊരുക്കി സർക്കസും സർക്കസുകാരും നഗരത്തിന്‍റെ ഭാഗമായിരിക്കും. ദിവസേന മൂന്ന് ഷോകൾ ഉണ്ടായിരിക്കും. 100, 200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.