കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവത്തിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ അർജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. അന്വേഷണം ഏറ്റെടുത്ത കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് നോട്ടീസ് നൽകിയത്. നാല് വർഷമായി സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന അർജ്ജുന്‍ ഇതിനോടകം കോടികളുടെ സ്വർണം പിടിച്ചുപറിച്ചെന്നാണ് വിവരം.
Also read: 'സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യാൻ അറിയാം', അർജ്ജുൻ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്
ഇയാൾ കഴിഞ്ഞ ദിവസം കരിപ്പൂരേയ്ക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ പൊലീസ് എത്തും മുൻപേ അർജ്ജുന്‍റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല.
തന്‍റെ അനുവാദം ഇല്ലാതെയാണ് അർജ്ജുൻ സ്വർണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയതെന്ന് കാണിച്ച് ആർസി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകി. ഇതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജ്ജുന്‍ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
Also read: രാമനാട്ടുകര വാഹനാപകടം; അർജുൻ ആയങ്കിയുടെ കാർ ഒളിപ്പിച്ച നിലയിൽ