കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് ഒത്താശ ചെയ്‌ത സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്‍റ് കമാൻഡന്‍റ് ഓഫിസർ നവീൻ ആണ് കൊണ്ടോട്ടി പൊലീസിൻ്റെ കസ്റ്റഡിയിലായത്. കൊണ്ടോട്ടി ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ച നവീനെ മലപ്പുറം എസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. (Gold Smuggling In Karipur Airport)
നവീനിന്‍റെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. സ്വർണക്കടത്ത് സംഘത്തിന് പണം കൈപ്പറ്റി ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് നവീനെതിരെ പൊലീസ്, അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തത്. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
കഴിഞ്ഞ ആഴ്‌ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാൻഡൻ്റ് നവീൻ ആണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം നവീനിലേക്ക് നീങ്ങിയത്.
ഓരോ തവണ സ്വർണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് സംഘത്തിന് വിവരം കൈമാറാനായി രഹസ്യ ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. ഒക്ടോബര്‍ അഞ്ചിന് കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നമ്പര്‍ പ്ലേറ്റില്ലാതെ വന്ന ചുവന്ന ജീപ്പിനെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് വ്യവസായ സുരക്ഷ സേനയുടെയും കസ്റ്റംസിനെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തിലുള്ള പങ്ക് മനസിലായത്.
കസ്റ്റംസിനെ വെട്ടിച്ച് 503 ഗ്രാം സ്വര്‍ണവുമായി ജിദ്ദയില്‍ നിന്ന് വന്ന വയനാട് സ്വദേശി എന്‍ വി മുബാറക്, മലപ്പുറം മൂര്‍ക്കനാട്ടെ യൂസഫ് എന്നിവരും സ്വര്‍ണം കൊണ്ടുപോകാന്‍ വന്ന കൊണ്ടോട്ടിയിലെ കെ പി ഫൈസലും വള്ളുവമ്പ്രത്തെ എം മുഹമ്മദ് നിഷാദുമായിരുന്നു പാര്‍ക്കിങ് ഏരിയയില്‍ കണ്ടെത്തിയ ജീപ്പിലുണ്ടായിരുന്നത്. ഫൈസലിന്‍റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ വിമാനത്താവളത്തില്‍ ലഗേജ് കൈകാര്യംചെയ്യാന്‍ കരാറെടുത്ത കമ്പനി ജീവനക്കാരന്‍ പി ഷറഫലിയുടെ നമ്പര്‍ കണ്ടെത്തി. ഇതോടെ ഷറഫലിയെ പൊലീസ് ചോദ്യം ചെയ്‌തു.
സ്വര്‍ണക്കടത്തിനു വേണ്ടി മാത്രം രഹസ്യ ഫോണ്‍ ഷറഫലി ഉപയോഗിക്കുന്നതായി വ്യക്തമായി. പാന്‍റ്‌സിന്‍റെ പോക്കറ്റില്‍ 500 രൂപയുടെ രണ്ട് കെട്ടുകളായി ഒരുലക്ഷം രൂപയും കണ്ടെത്തി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഗാലറിയില്‍ വെള്ള പേപ്പറില്‍ 'ഒക്ടോബര്‍ മന്ത് ' (October Month) എന്ന തലക്കെട്ടില്‍ ചില തീയതികള്‍ക്കുനേരെ 'ഡേ, നൈറ്റ്, ഡി, എന്‍' എന്നിങ്ങനെ രേഖപ്പെടുത്തിയതായും കണ്ടെത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ ഡ്യൂട്ടി ടേണാണെന്നും സിഐഎസ്എഫിലെ അസിസ്റ്റന്‍റ് കമാൻഡന്‍റ് നവീന്‍ വാട്‌സാപ്പില്‍ അയച്ചു കൊടുത്തതാണെന്നും ഷറഫലിയെ ചോദ്യം ചെയ്‌തതോടെ മനസിലായി. ഇതോടെയാണ് നവീനിനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ സ്വർണക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും.