കോഴിക്കോട്: 60 കിലോയുള്ള നേന്ത്രക്കുല വിളയിച്ച് ഒരു അധ്യാപകൻ. പാരമ്പര്യമായി കിട്ടിയ കൃഷിയറിവുകൾ ഫലപ്രദമായി വിനിയോഗിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി പ്രമോദാണ് 60 കിലോയുള്ള നേന്ത്രക്കുല കൃഷി ചെയ്തെടുത്തത്.
അപൂർവ ഇനമായ ഗോവൻ മണ്ടോളി നേന്ത്ര ഇനമാണിത്. ഇത് വിളവെടുക്കാൻ ഏകദേശം ഒന്നരവർഷത്തോളം വേണ്ടിവരും. കുല വന്നാൽ മൂപ്പെത്താൻ മാത്രം മൂന്ന് മാസമെടുക്കും. ഒരേ വലിപ്പവും ഏറെ മധുരമുള്ളതുമാണ് ഇവയുടെ പഴങ്ങൾ.
ALSO READ: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 5919 ടണ്‍ അവശ്യസാധനങ്ങള്‍ ; മൊബൈല്‍ ഔട്ട്‌ലറ്റുകള്‍ ജില്ലകളിലേക്ക്
തൃശൂർ ഇരിങ്ങാലക്കുടയിലുള്ള പ്ലാൻഡ് മിൽ അഗ്രികൾച്ചർ ലാബിൽ നിന്നാണ് കന്ന് എത്തിച്ചത്. രണ്ടര ഏക്കറിലെ തെങ്ങുകൃഷിക്ക് ഇടവിളയായാണ് പ്രമോദിന്‍റെ വാഴകൃഷി. ചങ്ങാലിക്കോടൻ, സ്വർണമുഖി തുടങ്ങിയ നേന്ത്ര ഇനങ്ങൾ പ്രമോദ് കൃഷി ചെയ്ത് വിജയം കണ്ടിരുന്നു.
അസാധാരണ വലിപ്പത്തിൽ കൗതുകം തോന്നിയ വെസ്റ്റ്ഹിൽ സ്വദേശി എം.ടി അനിൽ കുമാർ 3500 രൂപയ്ക്ക് ഈ കുല സ്വന്തമാക്കി. ഭാരത് എഡ്യൂക്കേഷൻ ഫൌണ്ടേഷനിലെ അധ്യാപകനായ പ്രമോദ് ആ തുക മുഴുവൻ മുഖ്യമന്ത്രിയുടെ വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവനയായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.