കോഴിക്കോട്: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ നിന്നും ഒരു വിദ്യാർഥി കേരളത്തിലെ സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടി. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ഗവ യുപി സ്കൂളിലാണ് ഹന തിരുനിലത്ത് എന്ന നാലു വയസുകാരി എൽകെജിയിൽ ചേർന്നത്. ഹനയുടെ പിതാവ് മലയാളിയാണെങ്കിലും മാതാവ് പെറു സ്വദേശിനിയാണ്.
തോട്ടുമുക്കം പള്ളിത്താഴെ തിരുനിലത്ത് ജംഷീർ യുഎസ്എയിൽ ഷെഫായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് പെറുവിലെ ട്രുഫിയോ സ്വദേശിനി കാർമെൻ റോസ റോഡിഗ്രസ് സലാസറുമായി പരിചയപ്പെടുന്നത്. ഈ സമയത്ത് അർജന്‍റീനയിൽ ജോലി ചെയ്യുകയായിരുന്ന കാർമെൻ റോസ. 2015ൽ ഫേസ്ബുക്ക് വഴിയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും സൗഹൃദം പ്രണയമാകുന്നതും. ഇതോടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് വർഷത്തിനുശേഷം ജംഷീർ നാട്ടിലെത്തി പ്രണയം വീട്ടുകാരെ അറിയിക്കുകയും കാർമെൻ റോസയെ വിവാഹം കഴിക്കാൻ വീട്ടുകാരുടെ സമ്മതം നേടുകയും ചെയ്തു. ശേഷം കാർമെൻ റോസക്ക് ജംഷീർ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകി. ഇങ്ങനെ 2017ൽ കാലിക്കറ്റ് എയർപോർട്ടിൽ വച്ചാണ് ഇവർ ആദ്യമായി നേരിൽ കാണുന്നത്.
തുടർന്ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹവും നടന്നു. ലാറ്റിനമേരിക്കൻ പേര് വഴങ്ങാത്തതിനാൽ ഫാത്തിമ എന്നാണ് വീട്ടുകാരും നാട്ടുകാരും കാർമെൻ റോസയെ വിളിക്കുന്നത്. സ്പാനിഷ് മാത്രമാണ് ഫാത്തിമയ്ക്ക് അറിയുന്നത്. ഇതോടെ ആശയവിനിമയത്തിന് വീട്ടുകാർ വലിയ പ്രയാസമാണ് നേരിട്ടത്.
ഇപ്പോഴും ഭാഷ പ്രശ്നമാണെങ്കിലും ആംഗ്യത്തിലൂടെയും മറ്റുമാണ് പരസ്പരം ആശയവിനിമയം നടത്തുന്നത്. ഹന ജനിച്ച് എട്ട് മാസത്തിന് ശേഷം ജംഷീറും ഫാത്തിമയും പെറുവിലേക്ക് തന്നെ തിരിച്ചുപോയെങ്കിലും മൂന്നു വർഷത്തോളം അവിടെ കഴിഞ്ഞതിനുശേഷം ആറു മാസം മുൻപ് വീണ്ടും നാട്ടിലെത്തി.
ഇതിനിടയിൽ പെറുവിൽ വച്ച് രണ്ടു വർഷം മുൻപ് ഒരു ആൺകുട്ടി കൂടി ജനിച്ചു. റംസാൻ എന്ന് പേരിട്ടെങ്കിലും പെറു പൗരത്വമാണുള്ളത്. കേരളത്തിൽ ജനിച്ചതിനാൽ ഹനയ്ക്ക് ഇന്ത്യൻ പൗരത്വമുണ്ട്. കാർമെൻ റോസയെ പോലെ ഹനയ്ക്കും സ്പാനിഷ് മാത്രമാണ് വഴങ്ങുന്നത്.
ഭാഷയും ഭക്ഷണവും ഇപ്പോഴും പ്രശ്നമാണെന്നും എന്നാൽ കേരളവും മലയാളി സംസ്കാരവും ഏറെ ഇഷ്ടമാണെന്നും കാർമെൻ റോസ പറയുന്നു. പുതിയ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും മധുരം നുകർന്നും സ്കൂളിലെ ആദ്യദിവസം തന്നെ വർണാഭമാക്കിയാണ് ഹന ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.