കോഴിക്കോട്: മഴക്കാല ഫലവൃക്ഷ കൃഷിയിലേയ്ക്ക് തിരിയുകയാണ് കോഴിക്കോട് കൂടരഞ്ഞി, കക്കാടംപൊയിൽ തുടങ്ങിയ മലയോരപ്രദേശങ്ങൾ. വെണ്ണപ്പഴം, മാംഗോസ്റ്റിൻ, റംബൂട്ടാൻ തുടങ്ങിയ ഫലങ്ങളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. തണുപ്പുള്ള പ്രദേശങ്ങളിൽ നന്നായി വളരുമെന്നതും ലോകത്താകമാനം വിപണിയുണ്ടെന്നതുമാണ് ഈ കൃഷി ചെയ്യാൻ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.
കൂടാതെ പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം വാഴ, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നതിൽ നിന്നും ആളുകൾ പിന്തിരിഞ്ഞു തുടങ്ങി. മാത്രമല്ല തുടർച്ചയായ പരിചരണവും കാവലും വേണ്ട എന്നതും കർഷകരെ ഫലവൃക്ഷ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നു. മധുരമില്ലാത്തതിനാൽ കുരങ്ങന്മാർക്ക് വെണ്ണപ്പഴത്തോട് വലിയ താതപര്യമില്ലെന്നാണ് കർഷകർ പറയുന്നത്.
ഫലവൃക്ഷ കൃഷിയ്ക്കും കൃഷി ഭവൻ സ്റ്റേറ്റ് ഫോൾട്ടി കൾച്ചർ മിഷന്‍റെ വിവിധ സ്‌കീമുകളിൽപ്പെടുത്തി സബ്‌സിഡികൾ, ഫാം ടൂറിസത്തിനുള്ള സബ്‌സിഡികൾ, പഞ്ചായത്തുമായി ചേർന്ന് തൈ വിതരണം, ഒരു കോടി ഫലവൃക്ഷ തൈകളിൽപ്പെടുത്തിയുള്ള തൈവിതരണം തുടങ്ങി കർഷകരെ സഹായിക്കുന്ന നിരവധി പദ്ധതികൾ നൽകുന്നുണ്ട്. ഈ വർഷം ഇതുവരെ ജനകീയാസൂത്രണ പഞ്ചായത്ത് പദ്ധതിയിൽപെടുത്തി 2000ത്തോളം വെണ്ണപ്പഴ തൈകളാണ് വിതരണം ചെയ്‌തത്. ഒരു ഹെക്‌ടറിൽ 265 വെണ്ണപ്പഴ മരങ്ങൾ വരെ വളർത്താം. കിലോയ്ക്ക് 80 രൂപ മുതൽ 200 രൂപവരെ വില കിട്ടും.
ഒരു ഹെക്‌ടറിൽ 200 മരങ്ങൾ വരെ വളർത്താമെന്നതും കിലോയ്ക്ക് 150- മുതൽ 200 രൂപ വരെ വില ലഭിക്കുമെന്നതും കർഷകരെ മാംഗോസ്റ്റിൻ കൃഷിയിലേയ്ക്കും ആകർഷിക്കുന്നു. റംബൂട്ടാൻ ഒരേക്കറിൽ 30 മരങ്ങൾ വളർത്താം. ഓഫ് സീസണിൽ വിളവെടുക്കാമെന്നതിനാൽ ഹൈറേഞ്ചിലെ റംബുട്ടാന് മെച്ചപ്പെട്ട വില ലഭിക്കും. 100-200 വരെയാണ് വില. 5-8 വർഷത്തിനുള്ളിൽ ഇവയെല്ലാം നല്ല വിളവ് നൽകി തുടങ്ങും.