കോഴിക്കോട് : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി വീഡിയോ വ്യാജമായി നിര്‍മിച്ച് 40,000 രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിലായി (Fraud Using Deepfake Technology). ഗുജറാത്തിലെ മെഹസേനയിലെ ഷെയ്ക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് (43) ആണ് അറസ്റ്റിലായത്. സൈബര്‍ ക്രൈം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് മെഹസേനയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംസ്ഥാനത്ത് നടന്ന എഐ തട്ടിപ്പിലെ ആദ്യ അറസ്റ്റാണിത്. കേസിലെ മുഖ്യപ്രതി ഗുജറാത്തിലെ അഹമ്മദാബാദ് ഉസ്‌മാന്‍പുര സ്വദേശി കൗശല്‍ ഷാ (42)യുടെ കൂട്ടാളിയാണ് പിടിയിലായ ഷെയ്ക്ക് മുര്‍തുസാമിയ. ഗുജറാത്തിലും കര്‍ണാടകയിലും രജിസ്റ്റര്‍ ചെയ്‌ത സമാന സ്വഭാവമുള്ള കേസുകളില്‍ ഇയാൾ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യ പ്രതി കൗശല്‍ ഷാക്ക് കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനാവശ്യമായ വ്യാജബേങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്നത് മുര്‍ത്തുസാമിയയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
കേന്ദ്ര ഗവ. സ്ഥാപനത്തില്‍ നിന്നും റിട്ടയര്‍ ചെയ്‌ത രാധാകൃഷ്‌ണനില്‍ നിന്ന് കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് പ്രതി പണം തട്ടിയത്. രാധാകൃഷ്‌ണന്‍റെ കൂടെ ജോലി ചെയ്‌തിരുന്ന സുഹൃത്തിന്‍റെ വോയ്‌സും വീഡിയോ ഇമേജും വ്യാജമായി നിര്‍മിച്ച് ഹോസ്‌പിറ്റല്‍ ചെലവിനാണെന്ന വ്യാജേന 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു. മുംബൈയിലെ ആശുപത്രിയിലുള്ള ഭാര്യയുടെ സഹോദരിക്ക് അടിയന്തര സര്‍ജറിക്കാണ് അമേരിക്കയിലുള്ള ആന്ധ്ര സ്വദേശിയായ സുഹൃത്ത് ആണെന്ന് പരിചയപ്പെടുത്തി വീഡിയോ കോള്‍ ചെയ്‌തത്.
നേരിട്ട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖം വളരെ അടുത്ത് കാണിച്ചുകൊണ്ട് കുറച്ച് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ കോളില്‍ വിശ്വസിപ്പിക്കുകയായിരുന്നു. പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത പണം ഗുജറാത്തിലെ ഉസ്‌മാന്‍പുര ഭാഗത്തുള്ള കൗശല്‍ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗോവ ആസ്ഥാനമായുള്ള ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോമിന്‍റെ പേരിലുള്ള ആര്‍ബിഎല്‍ ബാങ്കിന്‍റെ അക്കൗണ്ടിലേക്കും എത്തി എന്നും അന്വേഷണത്തില്‍ മനസിലായിരുന്നു.
അതേസമയം, തട്ടിപ്പിലെ മുഖ്യ പ്രതി കുശാല്‍ ഷാ നേപ്പാളിലേക്ക് കടന്നതായാണ് മുര്‍ത്തുസാമിയ ഹയത്ത് ഭായിയില്‍ നിന്ന് ലഭിക്കുന്ന വിവരം. പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ സ്വന്തം വീട്ടുകാരുമായി അകന്നു കഴിയുകയാണ് കുശാല്‍ ഷായെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും മുംബൈയിലും ഗോവയിലും മാറി മാറി താമസിക്കുന്ന ഇയാളെ കണ്ടെത്താനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചു വരികയാണ് പൊലീസ്.
സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ വിനോദ് കുമാര്‍ എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബീരജ് കുന്നുമ്മല്‍, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്‌ടര്‍ ഒ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ALSO READ: രശ്‌മിക, കത്രീന... അടുത്തത് നമ്മളോ? ഭീതി ജനിപ്പിക്കുന്ന ഡീപ്ഫേക്ക് സാങ്കേതികവിദ്യ