കോഴിക്കോട് : നാദാപുരത്ത് വ്യാപാരിയുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. വാണിമേൽ പരപ്പുപാറയിൽ കുഞ്ഞാലി ഹാജിയുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലാണ് കണ്ണൂർ സ്വദേശികൾ അറസ്റ്റിലായത്. അഞ്ചരക്കണ്ടി സ്വദേശി നിധീഷ് (33), കാര പേരാവൂരിലെ വി നിധീഷ് (28), മാമ്പയിൽ സ്വദേശി എ രാഹുൽ (28), ശങ്കരനെല്ലൂർ സ്വദേശി രാജ് കിരൺ (24) എന്നിവരെയാണ് പിടികൂടിയത്.
എറണാകുളം കടവന്ത്രയിൽ വച്ചാണ് നാല് പേരെയും വളയം പൊലീസ് പിടികൂടിയത്. ഈ മാസം 10ന് പുലർച്ചെയാണ് കുഞ്ഞാലി ഹാജിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. അക്രമികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘത്തെ പിടികൂടിയത്.
കുഞ്ഞാലി ഹാജിയുമായി വ്യാപാര സംബന്ധമായ തർക്കമുള്ളവരിൽ ചിലരാണ് ബോംബെറിയാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും ക്വട്ടേഷൻ സംഘത്തെയും ബന്ധിപ്പിക്കുകയും സഹായികളായി പ്രവർത്തിക്കുകയും ചെയ്‌ത തൂണേരി വേറ്റുമ്മൽ സ്വദേശി ഷിധിൻ (28), കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ഫായിസ് (24) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
പഞ്ചായത്തംഗത്തിൻ്റെ വീടിന് നേരെ ബോംബേറ് : കോഴിക്കോട് ജൂൺ 6-ാം തീയതി പഞ്ചായത്തംഗത്തിൻ്റെ വീടിന് നേരെ രണ്ട് പേർ സ്ഫോടക വസ്‌തു എറിഞ്ഞു. കോഴിക്കോട് കായണ്ണ 13-ാം വാർഡ് യുഡിഎഫ് അംഗം പി സി ബഷീറിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജൂൺ 6ന് പുലർച്ചെ 2:36നായിരുന്നു ആക്രമണം.
രണ്ട് പേർ സ്ഫോടക വസ്‌തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൻ്റെ മുകൾ വശത്ത് തട്ടി സ്ഫോടക വസ്‌തു തറയിൽ വീണ് പൊട്ടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. സ്ഫോടനത്തിൽ ജനൽ ചില്ലുകളും വീടിൻ്റ തറയുടെ മാർബിളും തകർന്നു. പൊട്ടാത്ത ചാക്ക് നൂലിൽ പൊതിഞ്ഞ 2 സ്ഫോടക വസ്‌തുക്കള്‍ മുറ്റത്ത് നിന്നും ലഭിക്കുകയും ചെയ്‌തു.
ബോംബ് നിർമിക്കുന്നതിനിടെ സ്‌ഫോടനം : കണ്ണൂർ തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകനായ വിഷ്‌ണു എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിൽ വിഷ്‌ണുവിന്‍റെ വലത് കൈപ്പത്തിയും ഇടത് കൈയിലെ നാല് വിരലുകളും അറ്റുപോയി. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നായിരുന്നു പൊലീസിന്‍റെ സംശയം. സംഭവ സ്ഥലത്ത് നിന്ന് ഒരു നാടൻ ബോംബും പൊലീസ് കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലശ്ശേരി പൊലീസ് സ്വമേധയാ കേസെടുത്തു. വിഷ്‌ണുവിനെതിരെ എക്‌പ്ലോസീവ് ആക്‌ട് പ്രകാരം കേസെടുത്തു.
ബോംബ് ഭീഷണിക്കത്ത്, പ്രതി പിടിയിൽ : കോട്ടയത്ത് കെഎസ്‌ആർടിസി ഡിപ്പോകളിൽ ബോംബ് ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടിയിരുന്നു. പാലാ സ്വദേശി ജെയിംസ് പാമ്പയ്‌ക്കലിനെയാണ് പൊലീസ് പിടികൂടിയത്. പാലാ, കോട്ടയം കെ എസ് ആർ ടി സി ഡിപ്പോകളിൽ ബോംബ് വയ്‌ക്കുമെന്നായിരുന്നു ഇയാൾ ഭീഷണിക്കത്തിലൂടെ ഉയർത്തിയത്.
More read : കോട്ടയത്തെ കെഎസ്‌ആർടിസി ഡിപ്പോകളിൽ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ
കത്ത് കോട്ടയം ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർക്ക് ഓഫിസിൽ നിന്നാണ് ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റാൻഡിൽ രണ്ട് മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്‌ക്കുമെന്നായിരുന്നു ഭീഷണി.