കോഴിക്കോട്: ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അതീവ ഹൃദയവേദനയുണ്ടെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിട്ടു നിന്നതിൻ്റെ കാരണം സോണിയ ഗാന്ധിയെ അറിയിക്കും. എന്‍റെ മണ്ണിൽ നടന്ന പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൽ മനോവ്യഥയുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കോഴിക്കോട് ഡി.സി.സി പ്രസിഡൻ്റ് ക്ഷണിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയിൽ ആരോടും വ്യക്തിപരമായ വിരോധമില്ല, ഉണ്ടെങ്കിൽ അത് ആശയപരമാണ്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും മുല്ലപ്പള്ളി. എന്നാൽ ഡി.സി.സി പ്രസിഡന്‍റ് മാത്രമാണോ ശിബിരത്തിന് ക്ഷണിച്ചത് എന്ന ചോദ്യത്തിൻ്റെ മറുപടി മുല്ലപ്പള്ളി ചിരിയിൽ ഒതുക്കി.