കോഴിക്കോട്: നാദാപുരത്ത് പൊലീസുകാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ തീപിടിത്തം ഒഴിവായി. പൊലീസ് സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തിന്‍റെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്.
ഉച്ചയ്‌ക്ക് രണ്ടര മണിയോടെയാണ് കെട്ടിടത്തിന് പിൻവശത്ത് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരും കടയിലെ തൊഴിലാളികളും തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി അണയ്‌ക്കാൻ സാധിച്ചില്ല. തുടർന്ന് ചേലക്കാട് ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ കെ.സി.സുജേഷ് കുമാറിന്‍റെ നേതൃത്വത്തിലെത്തിയ ഒരു യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.