കോഴിക്കോട്: വീട് നിര്‍മാണത്തിനായെടുത്ത ലോണ്‍ തിരിച്ചടക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ 1,40,000 രൂപ തട്ടിയെന്ന പരാതിയുമായി ദളിത് കുടുംബം. ബേപ്പൂർ മാവിൻ ചുവട് തെങ്ങിൻ തറമ്മൽ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. 10 വർഷം മുമ്പ് സഹകരണ ബാങ്കിന്‍റെ ഫറോക്ക് ശാഖയിൽ നിന്നെടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് വന്നു. സഹായം വാഗ്ദാനം ചെയ്ത് എത്തിയ വൈദ്യരങ്ങാടി സ്വദേശി മുതിരപറമ്പത്ത് ഷാഹുൽ ഹമീദ് 1,40,000 രൂപ തട്ടിയെന്നാണ് കുടുംബം ഫറോക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ലോൺ തിരിച്ചടയ്ക്കുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ ഷാഹുൽ ഹമീദ് ബാങ്ക് നടപടിക്കെതിരേ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതല്ലാതെ ഒരു പണവും ബാങ്കിൽ അടച്ചിരുന്നില്ല. സ്റ്റേ കാലാവധി കഴിഞ്ഞ് ബാങ്ക് വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ട വിവരം കുടുംബം അറിയുന്നത്. കുടുംബത്തിന്‍റെ പരാതി ആദ്യം ഗൗരവമായി എടുക്കാതിരുന്ന പൊലീസ് വിവിധ ദളിത് സംഘടനകളുടെ ഇടപെടലിന് ശേഷമാണ് തുടർ നടപടിയിലേക്ക് നീങ്ങിയത്. വിഷയത്തിൽ പൊലീസ് മൗനം പാലിച്ചാൽ പ്രക്ഷോഭ പരിപാടികൾ ആലോചിക്കുമെന്ന് ദളിത് സംഘടനാ നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും ഫറോക്ക് പൊലീസ് അറിയിച്ചു.