കോഴിക്കോട്: ഫറോക്കിൽ 2,40,100 രൂപയുടെ കള്ള നോട്ടുമായി ഒരാൾ പൊലീസ് പിടിയിൽ. ഫറോക്ക് കോടമ്പുഴ പ്രൈവറ്റ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന താഴെത്തൊടി അബ്ദുല്‍ റഷീദ് (70) ആണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന വീട്ടിലെ അലമാരക്ക് അടിയിലായിരുന്നു കള്ളനോട്ട് സൂക്ഷിച്ചിരുന്നത്.
കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് കുന്നമംഗലം സ്വദേശി പുൽപറമ്പിൽ വീട്ടിൽ ഷമീറിനെ കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ സിഐ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫറോക്ക് സ്വദേശി അബ്ദുല്‍ റഷീദിന്‍റെ കൈവശം കള്ളനോട്ട് ഉണ്ടെന്ന വിവരം ലഭിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് സിഐ കെ.കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് വീട് വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ കള്ളനോട്ട് കണ്ടെത്തിയത്. അബ്ദുല്‍ റഷീദ് തിരുവനന്തപുരം സ്വദേശിയാണെന്നും ശങ്കു, ഉണ്ണി എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുമെന്നും പൊലീസ് പറഞ്ഞു. രാവിലെ ഫറോക്കിൽ നിന്ന് ട്രെയിൻ കയറി വിവിധ സ്ഥലങ്ങളിൽ എത്തി നോട്ട് മാറിയെടുക്കലാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു.