കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിഷേധ ധർണ നടത്തി. ആദായ നികുതി ഓഫീസിന്‍റെ മുന്നിൽ നടന്ന ധർണ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് കോഴിക്കോടും പ്രതിഷേധം സംഘടിപ്പിച്ചത്.
പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടെങ്കിൽ ഏത് നിയമവും പാസാക്കാം എന്ന ദാഷ്ഢ്യത്തിനേറ്റ മറുപടിയാണ് കർഷക സമരമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. നരേന്ദ്ര മോദിയോ അമിത് ഷായോ കണ്ണുരുട്ടിയാൽ പേടിക്കുന്നവരല്ല ഇന്ത്യയിലെ കർഷകർ എന്ന് കേന്ദ്രത്തിന് ബോധ്യമായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിറ്റുകൊടുത്തതു കൊണ്ടാണ് പഞ്ചായത്ത് ഭരണം കിട്ടിയെന്ന പ്രചാരണം ശരിയല്ലെന്നും അങ്ങനെയാണെങ്കിൽ ഏറെക്കാലം ഇടതുപക്ഷം ഭരിച്ച പയ്യോളിയിലും തിരുവള്ളൂരിലും കിറ്റുകിട്ടിയില്ലേ എന്നും മുരളീധരൻ ചോദിച്ചു.
അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മറ്റി പ്രസിഡന്‍റ് വി.ഉമേശൻ അധ്യക്ഷനായ ചടങ്ങിൽ അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് കമ്മറ്റി സംസ്ഥാന ഭാരവാഹികളായ കിണറ്റിങ്ങര രാജൻ, പി.അശോകൻ, പി.ബാലകൃഷ്ണൻ, സി.പി ഷൺമുഖൻ, കരിച്ചാലി പ്രേമൻ, കൗൺസിലർമാരായ കെ.അബൂബക്കർ ,എം.മനോഹരൻ എന്നിവർ പങ്കെടുത്തു.