കോഴിക്കോട്: വേനല്‍ മഴ കനത്തതോടെ ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി ലക്ഷകണക്കിന് ഹെക്ടര്‍ കൃഷി നശിച്ചു. ചാത്തമംഗലം, മാവൂർ മേഖലകളില്‍ കൊയ്ത്തിന് പാകമായ നെല്‍ പാടങ്ങളെല്ലാം വെള്ളം കയറി നശിച്ചു.
ഇങ്ങനെയുള്ള നെല്ല് യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാൻ സാധിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജ്ന്റെ ഷട്ടർ താഴ്ന്നതിനാൽ ചാലിയാറിൽ വെള്ളവും ഉയർന്നിട്ടുണ്ട് അതുകൊണ്ട് കൃഷിയിടങ്ങളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി വിടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ഉമ, വൈശാഖ്, മട്ട ത്രിവേണി തുടങ്ങിയ നെല്ലിനങ്ങളാണ് മേഖലയില്‍ അധികമായും കൃഷി ചെയ്യുന്നത്.
വെള്ളക്കെട്ടിന് അടിയിലായ നെല്‍ക്കതിരുകള്‍ കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കര്‍ഷകര്‍. കൊയ്‌ത്തിന് ആളെ കിട്ടാതെ വിളവെടുപ്പ് വൈകിയിരുന്ന സമയത്താണ് അപ്രതീക്ഷമായി മഴയെത്തിയത്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്താണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.
also read: കൊടും ചൂടിന് പിന്നാലെ തെലങ്കാനയിൽ കനത്ത മഴ; പലയിടങ്ങളിലും നാശനഷ്‌ടം
കൊയ്തെടുക്കാനുള്ള നെല്ലെല്ലാം വെള്ളത്തിനടിയിലായതോടെ പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.