രാത്രികാലങ്ങളിൽ കോഴിക്കോട് നഗരത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ "എന്റെ കൂട്". സാമൂഹിക നീതി വകുപ്പിന്‍റെ കീഴില്‍ സ്ത്രീകൾക്കായി നിർമ്മിച്ച അഭയകേന്ദ്രമായ 'എന്‍റെ കൂട്' മൂന്നര വർഷം പിന്നിടുമ്പോൾ ഒട്ടേറെ പേർക്കാണ് അഭയമായിരിക്കുന്നത്.
രാത്രിയിൽ നഗരത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇനി സുരക്ഷിതമായി 'എന്‍റെ കൂടിൽ' രാപ്പാർക്കാം. രാത്രിയിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾ നേരം വെളുക്കുംവരെ ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ ഇരിക്കേണ്ട ഗതികേടിലായിരുന്നു. പല സാഹചര്യത്തിലും സ്ത്രീകൾ അക്രമങ്ങൾക്ക് ഇരകളായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ മുൻനിർത്തി സുരക്ഷിതമായി സ്ത്രീകൾക്ക് താമസിക്കാൻ വേണ്ടിയാണ് 2015 ഓഗസ്റ്റിൽ 'എന്‍റെ കൂട്' നിർമ്മിച്ചത്. വൈകിട്ട് 6 മണിമുതൽ രാവിലെ 7 മണി വരെയാണ് പ്രവർത്തനം. രാത്രി നഗരത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും പന്ത്രണ്ട് വയസ്സുവരെയുള്ള ആൺകുട്ടികൾക്കും ഇവിടെ സൗജന്യമായി താമസിക്കാം.
വീട്ടിൽനിന്ന് വഴക്കിട്ട് രാത്രിയിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് കൗൺസിലിംഗും തുടർച്ചയായി മൂന്നു ദിവസം 'എന്‍റെ കൂടില്‍'താമസസൗകര്യവും നൽകും. സ്ഥാപനത്തിന്‍റെ ചുമതല സ്പെഷ്യൽ ഓഫീസർ അഞ്ജുവിനാണ്.
സോഷ്യൽ മീഡിയ വഴിയും സുഹൃത്തുക്കൾ മുഖേനയും ഇപ്പോൾ 'എന്‍റെ കൂടി'നെപ്പറ്റി അറിഞ്ഞെത്തുന്നവർ ഉണ്ടെന്നും കൂടാതെ നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ, പിങ്ക് പൊലീസ്, ട്രാഫിക് പൊലീസ് ,വനിതാപൊലീസ് തുടങ്ങിയവരെല്ലാം രാത്രി സ്ത്രീകളെ എന്റെ കൂടിലെത്താൻ സഹായിക്കാറുണ്ടെന്നും മൾട്ടി ടാസ്ക് വർക്കർ നിഖില പറയുന്നു.രാത്രികാലങ്ങളിൽ ഇനി നഗരത്തിൽ തനിച്ച് എത്തുന്ന സ്ത്രീകൾക്ക് ഭയപ്പെടാതെ സുരക്ഷിതമായും സമാധാനപരമായും 'എന്‍റെ കൂടിൽ' അന്തിയുറങ്ങാം.