കോഴിക്കോട്: ദ്വീപുകളിലെ സാഹസികത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ ലക്ഷദ്വീപ് ഉണ്ടായിരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന ദ്വീപിനെ കുറിച്ചുള്ള കൂടുതൽ ചർച്ചകളിലേക്കാണ് വഴി തുറക്കുന്നത്. അത് ഒരോ കോണിൽ നിന്നും വീക്ഷിക്കുമ്പോൾ ലക്ഷദ്വീപിനെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കാൻ എന്തൊക്കെ ചെയ്യണം എന്നതിനപ്പുറം ദ്വീപും പുറം ലോകവുമായുള്ള ബന്ധം ഉഷ്‌മളമാണോ എന്നതാണ് ചോദ്യമായി ഉയരുന്നത്. തുറമുഖവുമായി സഹോദര ബന്ധം പുലർത്തി പോരുന്ന ബേപ്പൂരിൽ നിന്ന് നോക്കി കാണുമ്പോൾ വിഷയങ്ങൾ സങ്കീർണവും ആഴമേറിയതുമാണ്.
ബേപ്പൂര്‍-ലക്ഷദ്വീപ് ബന്ധം: ബേപ്പൂരും ലക്ഷദ്വീപുകാരുമായുള്ള ബന്ധം ക്രമേണ അകലുകയാണ്. സുഗമമായി നീങ്ങിയ യാത്രാക്കപ്പൽ നിർത്തലാക്കി. ദ്വീപ് ഭരണകൂടത്തിന്‍റെ ബേപ്പൂർ തുറമുഖത്തെ കാര്യാലയങ്ങൾ ഒന്നൊന്നായി മംഗളൂരുവിലേക്ക് മാറ്റി. ഇതോടെ ദ്വീപുകാർ ബേപ്പൂരിൽ നിന്നും പിൻവാങ്ങുകയാണ്. നിലവിൽ വിദ്യാർഥികൾ അടക്കം 1500 പേർ കാണും. നിലവിലെ എം.പിക്ക് ദ്വീപിനെ കുറിച്ച് യാതൊരുവിധ ചിന്തയും ഇല്ല എന്നതാണ് പ്രധാന ആരോപണം.
ദിനംപ്രതി ദുരിതം വർധിക്കുകയാണ്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാത്ത അവസ്ഥ. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ലക്ഷദ്വീപും ബേപ്പൂരുമായുള്ള ബന്ധം പൂർണമായും മംഗളൂരുവിലേക്ക് പറിച്ചുനടാൻ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നേരത്തെ ഒരുങ്ങിയെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് താത്‌കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
സുനാമി ദുരന്തത്തെ തുടർന്നാണ് ദ്വീപുകാർ വ്യാപകമായി ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും വീടുകൾ വിലക്കുവാങ്ങി കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കാന്‍ തുടങ്ങിയത്. ചികിത്സ ആവശ്യത്തിനും വിദ്യാഭ്യാസ വാണിജ്യ ആവശ്യങ്ങൾക്കുമാണ് ദ്വീപുകാർ ബേപ്പൂരിൽ തങ്ങിയത്. എന്നാൽ ബേപ്പൂരിൽ പ്രവർത്തിക്കുന്ന പോർട്ട് ഓഫിസ്, മാർക്കറ്റിങ് ഫെഡറേഷൻ, മൃഗസംരക്ഷണം, കൃഷി വകുപ്പ് ഓഫിസുകൾ എന്നിവ നിശ്ചലമായി.
ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിൽ ബേപ്പൂരിൽ കാൽനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവന്നിരുന്ന പൊതുമരാമത്ത് വിഭാഗം ഓഫിസാണ് ആദ്യം പൂട്ടിയത്. ബേപ്പൂർ തുറമുഖത്ത് നിന്നുള്ള ഡീസൽ കയറ്റുമതി മറ്റ് തുറമുഖങ്ങളിലേക്ക് മാറ്റിയതോടെ എല്ലാം നിലച്ചു. 50 വർഷത്തിലധികമായി ബേപ്പൂരിലെ വികസനത്തിന്‍റെ ഭാഗമായ ലക്ഷദ്വീപ് കാര്യാലയങ്ങൾ ഒന്നൊന്നായി മംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചതോടെ ദ്വീപുകാർ ബേപ്പൂർ തുറമുഖം വിടുകയാണ്. ഇതോടെ വലിയ തോതിലുള്ള തൊഴിൽ നഷ്‌ടം സംഭവിക്കും.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ബേപ്പൂരിൽ പ്രവർത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടിവരും. ചരക്ക് ഏജന്‍റുമാരും അനുബന്ധ ജോലിക്കാരും വഴിയാധാരമാകും. നിലവിൽ ശേഷിക്കുന്ന ഓഫിസുകളും പൂട്ടുന്നതോടെ ബേപ്പൂരിന്‍റെ വികസനത്തെയും ഇരുപ്രദേശങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക ബന്ധത്തെയും കാര്യമായി ബാധിക്കും. ചരക്കുകൾ കയറ്റിപ്പോകുന്ന സാഗർ സാമ്രാജ്, സാഗർ യുവരാജ് എന്നീ ബാർജുകളും വിരലിലെണ്ണാവുന്ന ഏതാനും ഉരുകളും മാത്രമാണ് ഇപ്പോൾ തുറമുഖത്തെത്തുന്നത്. മുമ്പില്ലാത്ത വിധം മതിയായ ചരക്കുകൾ ലഭിക്കാതെ ദിവസങ്ങളോളം ഇവ വാർഫിൽ കെട്ടിക്കിടക്കേണ്ട അവസ്ഥയാണ്.
കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപേനി, കിൽത്താൻ, അമേനി, കടമത്ത്, ചേത്തലത്ത് ദ്വീപുകളിലേക്കാണ് ഉരുകളിലും ബാർജിലുമായി ബേപ്പൂരിൽ നിന്നും ചരക്കുകൾ കയറ്റുമതി ചെയ്യുന്നത്. 166 ചുമട്ടു തൊഴിലാളികളും 22 കപ്പൽ ജീവനക്കാരുമാണ് ബേപ്പൂരിലുള്ളത്. ഇവരുടെ കാര്യവും കഷ്‌ടമാണ്. ആളും അനക്കവുമില്ലാതെ വെയിൽ കൊള്ളുന്ന തുറമുഖം കാണാൻ കുട്ടികളൊക്കെ ഇടക്ക് എത്തുന്നതാണ് ഇവരുടെ ആകെയുളള സന്തോഷം.
ബേപ്പൂരിലെ പ്രധാന പ്രശ്‌നം തുറമുഖത്തിന് ആഴമില്ല എന്നതാണ്. ചെറുകപ്പലുകളെങ്കിലും തീരത്തണയണമെങ്കിൽ 6 മീറ്റർ ആഴമെങ്കിലും വേണം. അത് സാധ്യമാക്കാമെന്ന് പഠനം നടത്തിയവർ റിപ്പോർട്ട് നൽകിയതാണ്. എന്നാൽ 12 കോടിയുടെ പദ്ധതിയിൽ ചെളി നീക്കൽ ആരംഭിച്ചെങ്കിലും മൂന്നര മീറ്റർ കഴിഞ്ഞപ്പോൾ പാറ കണ്ടു. പഠനത്തിൽ അത് കാണാത്തത് കൊണ്ട് പണവും വെളളത്തിലായി. ചുരുങ്ങിയത് 50 കോടിയെങ്കിലും ഉണ്ടെങ്കിൽ പാറ പൊട്ടിച്ച് ആഴം കൂട്ടാനാകും. എന്നാൽ ഫണ്ടില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്ന് പോർട്ട് ഓഫിസർ തന്നെ സമ്മതിക്കുന്നു.
യഥാർഥത്തിൽ കേന്ദ്രത്തിന് താത്‌പര്യമില്ലാത്തതും കേരളത്തിന് ചോദിച്ച് വാങ്ങാനുള്ള മനസില്ലാത്തതുമാണ് പ്രശ്‌നം. പ്രധാന മന്ത്രി സ്വപ്‌നം കാണുന്ന ലക്ഷദ്വീപിനെ സൃഷ്‌ടിക്കാൻ ബേപ്പൂർ ബന്ധവും ഊഷ്‌മളമാകണം. അത് എന്തുകൊണ്ടും ഗുണകരമായിരിക്കും.